gold

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത‌് കേസിലെ ഇടനിലക്കാരനായ പ്രകാശ് തമ്പിയെ ഡി.ആർ.ഐ പിടികൂടി. വാഹന അപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജരായിരുന്നു പ്രകാശ് തമ്പി. ഡി.ആർ.ഐ അന്വേഷിക്കുന്ന മറ്റൊരു ഇടനിലക്കാരൻ വിഷ്ണു, ബാലഭാസ്കറിന്റെ ഫിനാൻസ് മാനേജരായിരുന്നു.

25 കിലോ സ്വർണം പ്രകാശ് തമ്പി വിദേശത്തുനിന്നു കൊണ്ടുവന്നിട്ടുണ്ടെന്നു ഡി.ആർ.ഐ കണ്ടെത്തി. അഭിഭാഷകനായ ബിജു കൈമാറുന്ന സ്വർണം കള്ളക്കടത്ത് സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണ്. നിരവധി തവണ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ട് പ്രകാശ്. സ്ത്രീകൾ കള്ളക്കടത്ത് നടത്തുമ്പോൾ സ്വർണം കൈമാറുന്നത് പ്രകാശിനാണ്. ഒളിവിലായിരുന്ന ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. ഒളിവിൽ പോയ അഭിഭാഷകൻ ബിജു മനോഹർ, മുഖ്യ പങ്കാളിയായ വിഷ്ണു, ഇവരിൽ നിന്ന് സ്വർണം വാങ്ങി വിൽക്കുന്ന ജുവലറി ഡയറക്ടർ മുഹമ്മദാലി, മാനേജർ മലപ്പുറം സ്വദേശി ഹക്കീം എന്നിവരെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കി. വിഷ്ണുവിന്റെ സഹായി പ്രകാശൻ എന്നയാൾ നാലുതവണ സ്വർണം കടത്തിയെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്. തലസ്ഥാനത്ത് സ്വർണ വ്യാപാരം നടത്തുന്ന മലപ്പുറം സ്വദേശി ഹക്കിം ബിജുവിന്റെ പക്കൽ നിന്ന് 25 കിലോ സ്വർണം വാങ്ങിയിട്ടുണ്ടെന്നും സൂചന ലഭിച്ചു. പണം മൂൻകൂറായി ഹക്കിം, ബിജുവിന് നൽകിയിരുന്നു. ഇത് സംഘത്തിലെ സെറീനയ്ക്കും സുനിൽകുമാറിനും കൈമാറി. ഇരുവരും ഇതുമായി ദുബായിലേക്ക് പോയി. 13 ന് രാവിലെ എത്തുമ്പോഴാണ് ഇവരുടെ പക്കൽ നിന്ന് 25 കിലോ തൂക്കമുളള എട്ടുകോടി രൂപയുടെ സ്വർണക്കട്ടകൾ പിടിച്ചെടുത്തത്. സ്വർണക്കടത്തിന‌് കൂട്ടുനിന്ന രണ്ട‌് കസ‌്റ്റംസ‌് ഇൻസ‌്പെക്ടർമാർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനും ആരംഭിച്ചു. നീരിക്ഷണത്തിലുള്ള ഇരുവരെയും ഉടൻ അറസ‌്റ്റ‌് ചെയ‌്തേക്കും.