ചിറയിൻകീഴ്: അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ചിറയിൻകീഴ് ബസ് സ്റ്റാൻഡ് പണ്ടകശാലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സ്ഥല പരിമിതിയുള്ള ഇവിടെ യാത്രക്കാർക്ക് വെയിലും മഴയുമേറ്റു വേണം ബസ് കയറാനും ഇറങ്ങാനും. കാത്തിരിപ്പ് കേന്ദ്രമെന്ന ആശയം മുൻകാലങ്ങളിൽ ഇവിടെ പലകുറി വന്നെങ്കിലും റെയിൽവേയുടെ പുറമ്പോക്ക് ഭൂമിയായതിനാൽ മറ്റു നിർമാണ പ്രവർത്തനങ്ങൾക്കൊന്നും ബന്ധപ്പെട്ടവർക്ക് സാധിച്ചതുമില്ല. ചിറയിൻകീഴ് റെയിൽവേ ഗേറ്റിൽ മേൽപ്പാലം വരുന്നതോടെ നിലവിലെ ബസ് സ്റ്റാൻഡിന് പരിമിതികൾ കുറേക്കൂടി കൂടുവാനാണ് സാധ്യത. ഈയവസരത്തിലാണ് ബസ് സ്റ്റാൻഡ് പണ്ടകശാലയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്. മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ ചിറയിൻകീഴ് റെയിൽവേ ഗേറ്റിൽ കാത്തുകിടക്കാതെ യഥേഷ്ടം ബസുകൾക്ക് പണ്ടകശാലയിലെ ബസ് സ്റ്റാൻഡിൽ എത്താം. ചിറയിൻകീഴിന് സ്വന്തമായൊരു ബസ് സ്റ്റാൻഡെന്ന ആശയത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും പലപ്പോഴുമത് ഫലപ്രാപ്തിയിലെത്തിയില്ല. പണ്ടകശാലയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് മുൻകാലങ്ങളിൽ ആലോചന വന്നെങ്കിലും തിരുവനന്തപുരം ഭാഗത്തുനിന്നും ചിറയിൻകീഴിലേയ്ക്കെത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് നിലവിലെ രണ്ടു റെയിൽവേ ഗേറ്റുകൾക്ക് പുറമെ മൂന്നാമതൊരു ഗേറ്റുകൂടി കടക്കണമെന്നു വന്നതോടെ ആ ആലോചനയും ഫലം കാണാതെ പോവുകയായിരുന്നു. ശാർക്കര മഞ്ചാടിമൂട് ബൈപാസ് യാഥാർത്ഥ്യമായതോടെയും മേൽപ്പാല നിർമാണം വീണ്ടും സജീവമായതോടെയുമാണ് ബസ് സ്റ്റാൻഡ് പണ്ടകശാലയിലേക്ക് മാറ്റുന്ന ആവശ്യം ശക്തമായത്.