ggg

നെയ്യാറ്റിൻകര: കണ്ണമൽക്കോണം കോളനിയിലെ സ്വജൽധാരാ പദ്ധതി ആരംഭിച്ചിട്ട് പതിനേഴ് വർഷം. എന്നിട്ടും പദ്ധതി ഇതുവരെ പൂർത്തിയായിച്ചില്ല. ചുറ്റുവട്ടമുള്ള നൂറോളം കുടുംബങ്ങൾ ശുദ്ധജലവും കാത്ത് കഴിയാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോൾ പദ്ധതി പ്രദേശം കാടും പടർപ്പുമേറി നടക്കാൻ പോലും കഴിയാത്തവിധമായി. ഏറെ പ്രതീക്ഷയോടെ പണി ആരംഭിച്ച കുടിവെള്ള പദ്ധതി ഏതാണ്ട് ഇവതാളത്തിലായ മട്ടാണ്. കുളത്തൂർ പഞ്ചായത്തിലെ വിരാലിപുരത്ത് 2001ലാണ് എസ്റ്റിമേറ്റ് തയാറാക്കി കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. 2003ൽ പണി ആരംഭിക്കുകയും ചെയ്തു. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഡബ്ല്യു. എച്ച്.ഐ എന്ന ഏജൻസി പണി ഏറ്റെടുക്കുകയും ചെയ്തു. നെയ്യാറ്റിൻകര വാട്ടർ ഓതിറിട്ടി എക്സ്ക്യൂട്ടീവ് എൻജിനിയർക്കാണ് മേൽനോട്ട ചുമതല.

പദ്ധതിയുടെ അടങ്കൽ തുകയായ 11 ലക്ഷം രൂപയിൽ 1.1 ലക്ഷം രൂപ ഗുണഭോക്തൃവിഹിതവും 9.9 ലക്ഷം രൂപ കേന്ദ്രസർക്കാർ വിഹിതവുമായിരുന്നു. പദ്ധതിയിൽ ഉൾപ്പെട്ട പമ്പ് ഹൗസ്, കിണർ, പമ്പിംഗ് മെയിൻ എന്നീ ജോലികൾ പൂർത്തീകരിച്ചു കഴിഞ്ഞു. എന്നാൽ വിതരണ ലൈനുകൾ, വൈദ്യുതീകരണം, പമ്പ് സെറ്റും മോട്ടോറും സ്ഥാപിക്കൽ എന്നിവ ഇനിയും നടന്നിട്ടില്ല. ഇവ ഉടൻ തീർത്തുകൊള്ളാമെന്ന് ഗുണഭോക്തൃസമിതിയും കരാർ എടുത്ത ഏജൻസിയും ഉറപ്പു നൽകിയെങ്കിലും പണി ഇതേ വരെ നടന്നിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കരാർ പ്രകാരം പണി പൂർത്തായാക്കത്തതിന് അധികമായി കൈപ്പറ്റിയ 6.05 ലക്ഷം രൂപ തിരികെ അടക്കുവാൻ റനവ്യു റിക്കവറി പ്രൊപ്പോസൽ പ്രകാരം ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം പദ്ധതിക്കായി സ്ഥാപിച്ച പമ്പ് ഹൗസും പൈപ്പും ഉപയോഗശൂന്യമായി കിടപ്പാണ്. കാടും പടർപ്പും കയറിയതിനാൽ ജലവിതരണ ഹൗസിനടുത്തേക്ക് പോലും എത്തിച്ചേരാൻ കഴിയുന്നില്ല.