shylaja

തിരുവനന്തപുരം: ജനസംഖ്യാടിസ്ഥാനത്തിൽ സമ്പൂണ കാൻസർ രജിസ്ട്രി ഉടൻ കേരളത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ സ്‌മരണാർത്ഥം കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ലിനി പുതുശേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളം പ്രമേഹത്തിന്റേയും കൊളസ്ട്രോളിന്റേയും തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരത്തിലാണ് ജീവിത രീതിയെങ്കിൽ വൈകാതെ കാൻസറും സംസ്ഥാനത്ത് സ്ഥാനമുറപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സർക്കാർ നഴ്സുമാരിൽ നിന്ന് പിരിച്ചെടുത്ത പണത്തിലാണ് ട്രസ്റ്റിന്റെ പ്രവർത്തനം. ട്രസ്റ്റിന്റെ ആദ്യ പുരസ്‌കാരം വൈശാഖിന് മന്ത്രി ശൈലജ കൈമാറി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് നഴ്സിംഗ് പാസായ വൈശാഖ് താത്കാലിക ജീവനക്കാരനായി ജോലി നോക്കുന്നതിനിടെ നാഡി സംബന്ധമായ അസുഖം ബാധിക്കുകയായിരുന്നു. വൈശാഖിന്റെ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്‌തു.

തമ്പാനൂർ ബി.ടി.ആർ. ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റിന്റെ ലോഗോ മുൻമന്ത്രി പി.കെ.ശ്രീമതി പ്രകാശനം ചെയ്‌തു. കെ.ജി.എൻ.എ. സംസ്ഥാന പ്രസിഡന്റ് ടി.സുബ്രമണ്യൻ,​ ലിനിയുടെ ഭർത്താവ് സജീഷ്,​ അമ്മ രാധ,​ കുട്ടികളായ ഋതുൽ,​ സിദ്ധാർത്ഥ് , തുടങ്ങിയവർ പങ്കെടുത്തു.