വിഴിഞ്ഞം: ഐസിസ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പട്രോളിംഗിനിടെ മറൈൻ എൻഫോഴ്സ്‌മെന്റിനെ വെട്ടിച്ചുകടന്ന മത്സ്യബന്ധന ബോട്ടിനെ സാഹസികമായി പിന്തുടർന്ന് പിടികൂടി. മറൈൻ എൻഫോഴ്സ്‌മെന്റ് കടലിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഇന്നലെ തുമ്പഭാഗത്ത് വച്ച് ഉച്ചയ്ക്ക് 12.25 ഓടെയാണ് സംശയ സാഹചര്യത്തിൽ മത്സ്യബന്ധന ബോട്ട് കണ്ടത്. ഇവരെ തടഞ്ഞുനിറുത്തി രേഖകൾ പരിശോധനയ്ക്കായി ആവശ്യപ്പെട്ടപ്പോൾ ബോട്ട് സ്രാങ്കിന്റെ ക്ഷേമനിധി കാർഡ് നൽകിയ ശേഷം ബോട്ട് അമിത വേഗത്തിൽ ഓടിച്ചു പോയി. ഉടൻ വിവരം വിഴിഞ്ഞത്തെ തീരസംരക്ഷണസേനയെ അറിയിക്കുകയായിരുന്നു. തീരസംരക്ഷണ സേനയുടെ സി -410 എന്ന ചെറു പട്രോൾ കപ്പൽ മത്സ്യബന്ധന ബോട്ടിനെ പിന്തുടർന്ന് പിടികൂടി. ബോട്ടിൽ എട്ട് തമിഴ്നാട് സ്വദേശികളും 6 ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. പിടികൂടിയ ബോട്ടിനെയും ജീവനക്കാരെയും വൈകിട്ട് 6.30ഓടെ വിഴിഞ്ഞം പുതിയ വാർഫിലെത്തിച്ചു. കൊല്ലം ശക്തികുളങ്ങര സ്വദേശി അജിമോന്റെ ഉടമസ്ഥതയിലുള്ള അക്‌സമോൾ എന്ന ബോട്ടാണിതെന്നും ദൂരപരിധി ലംഘിച്ചാണ് മത്സ്യബന്ധനം നടത്തിയതെന്നും വിഴിഞ്ഞത്തെ തീരദേശ പൊലീസ് അറിയിച്ചു. ബോട്ടിൽ 20 പെട്ടി മത്സ്യങ്ങളുണ്ട്. ഇവ ബോട്ടിൽ സീൽ ചെയ്‌ത് സൂക്ഷിച്ചിരിക്കുകയാണ്. പിടികൂടിയ മത്സ്യങ്ങൾ ഇന്ന് ലേലം ചെയ്‌ത് ലഭിക്കുന്ന പണം ട്രഷറിയിൽ അടയ്ക്കുമെന്ന് അധികൃതർ പറഞ്ഞു. കൊല്ലത്തു നിന്നും വലിയതുറയിലെത്തി ദൂരപരിധി ലംഘിച്ചാണ് മത്സ്യബന്ധനം നടത്തിയത്. പൊലീസിനെ കണ്ട് ഭയന്നാണ് ബോട്ടുമായി രക്ഷപ്പെട്ടതെന്ന് സ്രാങ്ക് ജയ്റ്റ് രാജ് പറഞ്ഞു. വിഴിഞ്ഞത്തുനിന്ന് 20 നോട്ടിക്കലും കരയിൽ നിന്നും 10 നോട്ടിക്കൽ ദൂരത്തു നിന്നുമാണ് ബോട്ട് പിടികൂടിയതെന്ന് മറൈൻ എൻഫോഴ്സ്‌മെന്റ് വിഭാഗം സി.ഐ എസ്.എസ്. ബൈജു പറഞ്ഞു. തൊഴിലാളികളെ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്. മറൈൻ എൻഫോഴ്സ്‌മെന്റ് സി.പി.ഒ ബിജു, ബോട്ടിലെ സ്രാങ്കുമാരായ അഗസ്റ്റിൻ, ജോയി, ലൈഫ് ഗാർഡുമാരായ പ്രദീപ്, മനോഹരൻ, തീരസംരക്ഷണസേനയിലെ കമാൻഡന്റ് ഓഫീസർ ഡെപ്യൂട്ടി കമാൻഡന്റ് സി.വി. ടോമി എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ട് പിടികൂടിയത്.