തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ വർഗീയതയെ ചെറുക്കാൻ താൻ മുന്നിൽ നിന്നത് ധാർഷ്ട്യമാണെങ്കിൽ അത് ആവർത്തിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടായെങ്കിൽ അത് സർക്കാരിനോടുള്ള എതിർപ്പ് കൊണ്ടല്ല. മോദി വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഭയന്ന ഒരുവിഭാഗം പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. അവർ ഇപ്പോൾ തെറ്റ് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയിൽ അടുത്ത തീർത്ഥാടനത്തിന് മുമ്പ് അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ 767 കോടിരൂപയുടെ വികസനം നടപ്പാക്കും. ഇതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായി സമിതിയും ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നിർവഹണസമിതിയും ഉണ്ടാക്കും.
"ശബരിമല പ്രശ്നത്തിൽ നാടിന്റെ പൊതു അന്തരീക്ഷത്തെ മാറ്റാനും നവോത്ഥാന മൂല്യങ്ങളും മതനിരപേക്ഷതയും അട്ടിമറിക്കാനും ശ്രമം ഉണ്ടായി. വർഗീയ ശക്തികൾ ഇളകിയാടി. അതിനെ ശക്തമായി പ്രതിരോധിച്ചു. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം വച്ച് അതിന്റെ മുന്നിൽ താൻ നിന്നു. അത് ധാർഷ്ട്യമാണെങ്കിൽ അത് ഇനിയും ആവർത്തിക്കും. നവോത്ഥാനമൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ ഇനിയും ഉണ്ടായാൽ കൂടുതൽ ശക്തിയോടെ പ്രതിരോധിക്കും" - മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പാക്കില്ലെന്ന് സർക്കാരിന് പറയാനാകില്ല. ഏത് മുഖ്യമന്ത്രിക്കും അത് ചെയ്യേണ്ടിവരും. സ്ത്രീകളെ ശബരിമലയിൽ എത്തിക്കാൻ സർക്കാർ ശ്രമിച്ചില്ല. വന്ന സ്ത്രീകളെ ആക്രമിക്കാൻ സംഘപരിവാർ അക്രമികൾ ശ്രമിച്ചപ്പോൾ സംരക്ഷണം കൊടുക്കുകയാണ് ചെയ്തത്. അത് ചെയ്തില്ലെങ്കിൽ കോടതിയലക്ഷ്യമാകുമായിരുന്നു. കോടതി ഇനി വിധി മാറ്റിയാൽ സർക്കാർ അതും നടപ്പാക്കും. എന്നാൽ സ്ത്രീകളുടെ അവകാശസംരക്ഷണത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. അത് മാറ്റില്ല.
തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് താത്കാലിക തിരിച്ചടി ഏറ്റു. അത് ഗൗരവമായി കാണും. എന്നാൽ കിട്ടിയ വിജയത്തിൽ ആഹ്ളാദിക്കാൻ യു.ഡി.എഫിനാകില്ല. യു.ഡി.എഫ് വിജയത്തിന്റെ നേരവകാശി ലീഗാണ്. ജയിക്കാനായി മുസ്ളിം തീവ്രവാദ വിഭാഗങ്ങളായ എസ്.ഡി.പി.ഐ, ജമാ അത്തെ ഇസ്ളാമി തുടങ്ങിയവരെ കൂടെ നിറുത്തിയത് ശരിയാണോ എന്ന് ചിന്തിക്കണം. പ്രത്യേകിച്ച് തീവ്രവാദ ഭീഷണിയുടെ സാഹചര്യത്തിൽ - മുഖ്യമന്ത്രി പറഞ്ഞു.