biji

തിരുവനന്തപുരം: അഗസ്ത്യ മലയിൽ മാത്രം കണ്ടുവരുന്ന ഔഷധ സസ്യമായ ആരോഗ്യപ്പച്ചയുടെ ജനിതക രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങൾക്ക് വഴി തുറന്ന് സസ്യത്തിന്റെ മുഴുനീള ജീനോം പ്രസിദ്ധീകരിച്ചു. കേരള സർവകലാശാലയുടെ ബയോ ഇൻഫർമാറ്റിക്‌സ് വകുപ്പിന്റെ ഇന്റർ യൂണിവേഴ്സിറ്റി സെന്റിന്റെ രണ്ട് വർഷം നീണ്ടുനിന്ന ഗവേഷണ ഫലമായാണ് ജീനോം പ്രസിദ്ധീകരിച്ചത്. കൊച്ചിയിലെ അഗ്രിജീനോം എന്ന കമ്പനിയാണ് ജീനോം തന്മാത്രകൾ വായിച്ചെടുക്കുന്ന ഘട്ടത്തിൽ ഗവേഷണ പങ്കാളിയായത്. ഇന്റർ യൂണിവേഴ്സിറ്റി സെന്ററിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ഡോ.ബിജു വി.സിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വഴി അവയുടെ വിശകലനവും അനോട്ടേഷനും പൂർത്തിയാക്കിയത്.

ജീനോം ഡേറ്റ അന്താരാഷ്ട്ര ഡേറ്റാബേസായ എൻ.സി.ബി.ഐയിലും കേരള സർവകലാശാല വെബ്സൈന്ററിലും ലഭ്യമാണ്. പഠനത്തെ ആസ്പദമാക്കിയുള്ള പ്രബന്ധം അമേരിക്കൻ ജനറ്റിക്ക് സൊസൈറ്റിയുടെ ജേർണലായ ജീൻസ്, ജീനോം ആൻഡ് ജെനറ്റിക്സ് എന്ന പ്രശസ്ത ജേർണലിൽ പ്രസിദ്ധീകരിക്കുന്നതിനായി തിര‍ഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ കാണി സമുദായമാണ് ആരോഗ്യപച്ചയുടെ വിജ്ഞാനം സമൂഹത്തിന് നൽകിയത്. ഈ സമുദായത്തിലെ അംഗവും ബയോഇൻഫർമാറ്റിക്സ് വകുപ്പിലെ ഗവേഷക വിദ്യാർത്ഥിയുമായ അനൂപ് പി.കെയും സംരഭത്തിൽ പങ്കാളിയായിരുന്നു.