തിരുവനന്തപുരം: മാലിന്യം നിറഞ്ഞ് ദുർഗന്ധപൂരിതമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ മേയർ നേരിട്ടിറങ്ങി. രാജാജി നഗറിലാണ് മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം ബോധവത്കരണത്തിനും ശുചീകരണത്തിനുമായി ഇറങ്ങിയത്. കോളനിയിലെ ജനങ്ങൾക്ക് മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനങ്ങൾ നിലവിലില്ല. അതിനാൽ സ്വകാര്യ ഏജൻസികൾ മാലിന്യം ശേഖരിച്ച് കൊണ്ടുപോകുകയാണ് പതിവ്. എന്നാൽ ഇത്തരം ഏജൻസികൾ പലപ്പോഴും ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുകയാണ്. ഇതിന് തടയിടാൻ കോളനിയിൽ പോർട്ടബിൾ എയറോബിക് ബിന്നുകൾ സ്ഥാപിച്ചു. ഇതിന് ശേഷം ജനങ്ങൾക്ക് ബോധവത്കരണവും നൽകി. ഇതോടെ മാലിന്യനിക്ഷേപം തടയാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതിന് ശേഷം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കൽ തുടരും.