general

ബാലരാമപുരം: വിഴിഞ്ഞം –ബാലരാമപുരം റോഡിലെ മരാമത്തിന്റെ ഇന്റർലോക്ക് നി‌ർമ്മാണ പ്രവർത്തികൾക്കെതിരെ ആക്ഷേപമുയരുന്നു. കട്ടച്ചൽക്കുഴി –ചാവടിനട ഭാഗങ്ങളിൽ ഇന്റർലോക്ക് സംവിധാനം പൊട്ടിപ്പൊളിഞ്ഞെന്നാണ് നാട്ടുകാരുടെ പരാതി. വിഴിഞ്ഞം –ബാലരാമപുരം റോഡിൽ ഇരുവശങ്ങളിലും ഇന്റർലോക്ക് ചെയ്ത് മനോഹാരിത വരുത്തുന്നതിന് ഒരു കോടി രൂപ സ്പെഷ്യൽ ഫണ്ട് മരാമത്ത് അനുവദിച്ചത്. പണികൾ ആരംഭിച്ചിട്ട് അഞ്ച് മാസത്തോളമായി. മുക്കോല ഉച്ചക്കട വരെയുള്ള ഭാഗങ്ങളിൽ ആദ്യഘട്ടം വിജയകരമായിരുന്നു. എന്നാൽ ചാവടിനട –കട്ടച്ചൽക്കുഴി ഭാഗങ്ങളിൽ തറയുറപ്പ് വരുത്താതെ അശാസ്ത്രീയമായാണ് ഇന്റർലോക്ക് പാകിയത്. ഇക്കാരണത്താൽ പലഭാഗങ്ങളിലും വൻ കുഴികൾ രൂപപ്പെട്ട് ഇന്റർലോക്ക് സംവിധാനം തകർന്ന നിലയിലാണ്. വരും ദിവസങ്ങളിൽ ഇടവപ്പാതി ശക്തിയാ‌ർജ്ജിക്കുന്നതോടെ കട്ടച്ചൽക്കുഴി ഭാഗത്ത് ഇന്റർലോക്ക് മുഴുവനായും തകരുമെന്നാണ് നാട്ടുകാ‌ർ മരാമത്ത് അധികൃത‌ർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് പണികൾ പുരോഗമിക്കുന്നതെങ്കിലും നാട്ടുകാർ ആവശ്യപ്പെട്ട സ്ഥലങ്ങളിൽ ഇന്റർലോക്ക് ഒഴിവാക്കുന്നതായും പരാതിയുണ്ട്. നാട്ടുകാർ പരാതി അറിയിച്ചിട്ടും പൊട്ടിപ്പൊളിഞ്ഞ സ്ഥലങ്ങൾ സന്ദർശിച്ച് പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. നിർമ്മാണപ്രവ‌ർത്തനങ്ങൾക്ക് ഏകോപനമില്ലെന്നും എൻജിനീയർ സമയബന്ധിതമായി സ്ഥലത്തെത്തി പണികൾ വിലിയിരുത്തുന്നില്ലെന്നും അന്വേഷണം നടത്തണമെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്.

കട്ടച്ചൽക്കുഴി- ചാവടിനട ഭാഗങ്ങളിൽ പൊളിഞ്ഞ ഇന്റർലോക്ക് സംവിധാനം പുന:സ്ഥാപിക്കണം. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അനാസ്ഥ കാരണമാണ് ഇന്റർലോക്ക് നിർമ്മാണത്തിൽ വീഴ്ച്ച വന്നത്. കരാറുകാരനെ വിളിച്ച് തകരാറ് സംഭവിച്ച സ്ഥലങ്ങളിൽ ശാസ്ത്രീയമായി ഇന്റർലോക്ക് ചെയ്യണം.

പൂങ്കോട് സുനിൽകുമാർ, ഫ്രാബ്സ് പ്രസിഡന്റ്