kevin-joseph

തിരുവനന്തപുരം: കെവിൻ കേസിൽ സസ്‌പെൻഷനിലാവുകയും പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് കാരണംകാണിക്കൽ നൊട്ടീസ് നൽകുകയും ചെയ്തിരുന്ന ഗാന്ധിനഗർ എസ്.ഐ എം.എസ്. ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തത് വിവാദമായി. എസ്.ഐയെ തിരിച്ചെടുത്തത് അറിയില്ലെന്ന് പൊലീസ് മേധാവി വ്യക്തമാക്കിയതിനു പിന്നാലെ കെവിന്റെ മാതാപിതാക്കൾ മുഖ്യമന്ത്റി പിണറായി വിജയനെ ഓഫീസിൽ സന്ദർശിച്ച് പരാതി നൽകി. എസ്.ഐയെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ അച്ഛൻ ജോസഫ് മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. സംഭവത്തിൽ വേണ്ട നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്റി ഉറപ്പുനൽകിയതായി ജോസഫ് പറഞ്ഞു.

പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് കൊച്ചി റേഞ്ച് ഐ.ജി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഷിബു നൽകിയ മറുപടി ഭാഗികമായി അംഗീകരിച്ചുകൊണ്ടാണ് പിരിച്ചുവിടൽ ഒഴിവാക്കി മ​റ്റ് നടപടികൾ സ്വീകരിച്ചത്. ഷിബുവിനെ എസ്.ഐമാരുടെ സംസ്ഥാനതല സീനിയോറിട്ടി ലിസ്റ്റിൽ അവസാന സ്ഥാനത്തേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. അദ്ദേഹത്തെ ഇടുക്കി ജില്ലയിൽ എവിടെയെങ്കിലും അപ്രധാന പോസ്റ്റിൽ നിയമിക്കാനാണ് കൊച്ചി മേഖലാ ഐ.ജി വിജയ് സാഖറെ ഉത്തരവിട്ടത്. കെവിനുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്തതിലുണ്ടായ അവഗണനയും അശ്രദ്ധയുമാണ് വീഴ്ചകൾക്ക് കാരണമെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സംഭവ ദിവസങ്ങളിൽ ഉദ്യോഗസ്ഥൻ ഏർപ്പെട്ടിരുന്ന മറ്റ് അത്യാവശ്യ ജോലികൾ കാരണം കെവിനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണ ശ്രദ്ധ ചെലുത്താനായില്ലെന്നും ഷിബു നൽകിയ വിശദീകരണത്തിലുണ്ടായിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് നടപടി. രണ്ട് മാസത്തിനുള്ളിൽ ഷിബുവിന് അപ്പീൽ നൽകുന്നതിനുള്ള അവസരവും നൽകിയിട്ടുണ്ട്. ഷിബു നൽകിയിരുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടൽ നടപടി നിലനിൽക്കില്ലെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, ഉദ്യോഗസ്ഥനെതിരെ കൂടുതൽ വകുപ്പ്തല നടപടികൾ ഉണ്ടായേക്കും. കെവിന്റെ അമ്മ മേരിയും സഹോദരി കൃപയും ജോസഫിനൊപ്പം മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു.

"എസ്. ഐ ഷിബുവിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ് ഉന്നതർ ഉറപ്പു നൽകിയിരുന്നു. എന്നാൽ പൊലീസിനെ വിശ്വസിച്ചത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു

-കെവിന്റെ പിതാവ് ജോസഫ്