തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ കനക്കുന്നതിനിടെ, ബി.ജെ.പി നേതാവും തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയുമായിരുന്ന മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഇന്ന് ഡൽഹിക്ക് പോകും. രാവിലെ തിരുവന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് പോവുക. കേരളത്തിന് കേന്ദ്രമന്ത്രി സഭയിൽ പ്രാതിനിദ്ധ്യം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് കുമ്മനം ഡൽഹിക്ക് പോകുന്നത്. ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് നിന്നുള്ള ക്ഷണമനുസരിച്ചാണ് പോകുന്നതെന്നാണ് സൂചന. മുൻ ഗവർണർ എന്ന നിലയിൽ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതാണോ, അതോ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണോ എന്ന് വ്യക്തമല്ല. പ്രതികരണത്തിന് കുമ്മനത്തെ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
കുമ്മനത്തിന് പുറമേ വി. മുരളീധരൻ, സുരേഷ് ഗോപി, അൽഫോൻസ് കണ്ണന്താനം, പി.സി. തോമസ് തുടങ്ങിയവരുടെ പേരുകളും കേന്ദ്രമന്ത്രിസഭയിലേക്ക് പ്രചരിക്കുന്നുണ്ട്.
രണ്ടാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള ഉൾപ്പെടെ പ്രമുഖ ബി.ജെ.പി നേതാക്കളും ദൽഹിയിലെത്തും.