ആവേശത്തിന്റെ ആരവങ്ങളൊരുക്കി മറ്റൊരു ഏകദിന ക്രിക്കറ്റ് ലോകകപ്പിനുകൂടി കൊടിയേറുകയാണ് ക്രിക്കറ്റ് പിറന്ന ഇംഗ്ളണ്ടിൽ. രൂപത്തിലും ഭാവത്തിലും ക്രിക്കറ്റ് എന്ന ഗെയിമിന് കാലമൊരുപാട് മാറ്റങ്ങൾ വരുത്തിയെങ്കിലും ആവേശത്തിന് മാത്രം തെല്ലിട മാറ്റമില്ല. ഇൗ ലോകകപ്പ് ഒരുപടികൂടി കടന്ന് പറഞ്ഞാൽ പഴമയിലേക്കുള്ള തിരിച്ചുപോക്കാണ്. 17 കൊല്ലം മുമ്പ് നടന്ന റൗണ്ട് റോബിൻ ലീഗ് ഫോർമാറ്റിലേക്കുള്ള മടക്കം. അസോസിയേറ്റ് രാജ്യങ്ങളെന്ന ദുർബലരെ കൂട്ടി ഗ്രൂപ്പ് മത്സരങ്ങൾ നടത്തുന്ന രീതിക്കാണ് മാറ്റംവരുന്നത്. കൊമ്പുകോർക്കാൻ പത്തേപത്തുടീമുകൾ മാത്രം. അതും ഇത്രയും കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്കുപട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാർ. ഇവരെല്ലാം പരസ്പരം ഏറ്റുമുട്ടിയേ മതിയാകൂ. രണ്ടോ മൂന്നോ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ കൊണ്ട് ആരുടേയും ലോകകപ്പിന് അവസാനമാകുന്നില്ല. ഒൻപത് മത്സരങ്ങൾ കളിച്ചശേഷമേ പത്തിൽ ആറ് ടീമുകൾക്കും മടങ്ങാനാകൂ.
ഇൗ പത്തുപേരിൽ ആരും നിസാരരല്ല. സ്വന്തം നാട്ടിൽ കപ്പുയർത്താൻ തുനിഞ്ഞിറങ്ങിയ ഇംഗ്ളണ്ടുകാർ. കൈയലിരിക്കുന്ന കപ്പ് വിട്ടുകൊടുക്കില്ലെന്ന വാശിയിൽ ആസ്ട്രേലിയക്കാർ. കൊഹ്‌ലിയും ധോണിയും ചേർന്ന് മൂന്നാം കിരീടം നേടുന്നത് സ്വപ്നം കാണുന്ന ഇന്ത്യക്കാർ. ഒരിക്കലും കിട്ടാത്ത കപ്പിനായി കിവികളും ദക്ഷിണാഫ്രിക്കക്കാരും. കഷ്ടകാലത്തിന്റെ പടംകൊഴിച്ച് പുതുപ്രതീക്ഷകളുമായി പാകിസ്ഥാനും ശ്രീലങ്കയും. ആരേയും അട്ടിമറിക്കാനുള്ള ശേഷിയുമായി അഫ്ഗാനിസ്ഥാനും ബംഗ്ളാദേശും പഴയ പ്രതാപത്തിന്റെ തിരുശേഷിപ്പുകളുമായി വിൻഡീസ്. ഇങ്ങനെ നീളുന്നു കപ്പിനെ കാമിക്കുന്നവരുടെ നിര.
ലോകകപ്പ് എക്കാലവും സൂപ്പർ താരങ്ങളുടെ വസന്തകാലമാണ്. ഇക്കുറിയും നിരവധി താരങ്ങൾ ഇംഗ്ളണ്ടിൽ ഇടിമിന്നൽപ്പിണരാകാൻ ഉറച്ച് ഇറങ്ങുന്നുണ്ട്. ഇന്ത്യയുടെ കൊഹ്‌ലിയും ധോണിയും രോഹിതും ധവാനും ബുംറയും ഹാർദിക് പാണ്ഡ്യയും ഷമിയുമൊക്കെ മികച്ചപ്രകടനം കാഴ്ചവയ്ക്കാൻ ശേഷിയുള്ളവർ. ഇംഗ്ളണ്ടിന്റെ ഇയോൻ മോർഗാൻ , ജാസൺ റോയ്, ബെൻ സ്റ്റോക്സ് തുടങ്ങിയവരൊക്കെ ആതിഥേയ ആരാധകരുടെ കണ്ണിലുണ്ണികൾ. കരീബിയൻ ക്രിക്കറ്റിലെ അതികായകനായി ക്രിസ് ഗെയ്ൽ. വിലക്കിന്റെ വേലി കടന്ന് ടീമിലേക്ക് തിരിച്ചെത്തിയ ആസ്ട്രേലിയൻ താരങ്ങൾ ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും. കഴിഞ്ഞ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരൻ മിച്ചൽ സ്റ്റാർക്ക്, സ്പിൻമാന്ത്രികത കൊണ്ട് വിസ്മയം സൃഷ്ടിക്കാൻ റാഷിദ് ഖാൻ, ദക്ഷിണാഫ്രിക്കൻ പേസ് ബൗളിംഗിന്റെ മാസ്‌മരികതയുമായി ലുംഗി എംഗിഡിയും കാഗിസോറ റബാദയും. എ.ബി.ഡിവില്ലിയേഴ്സിന്റെ അഭാവം നിഴലിക്കാതിരിക്കാൻ ഡുപ്ളെസിയും മാർക്രമും ഡികോക്കും ഡുമിനിയുമൊക്കെ. കഴിഞ്ഞ ലോകകപ്പിൽ ഇരുസെഞ്ച്വറിയടിച്ച ഗപ്ടിലും 35-ാം വയസിലും അപാരമായ ഫോമിൽ കളിക്കുന്ന റോഡ് ടെയ്ലറും തീപാറുന്ന പന്തുകളുമായി ട്രെന്റ് ബൗൾട്ടും കിവീസ് നിരയിൽ. പേസ് ബൗളർമാരെ വിശ്വസിച്ച് പാകിസ്ഥാൻ നായകൻ സർഫ്രാസ്ഖാൻ അങ്ങനെ നീളുന്ന താരനിര.
ഇൗ ലോകകപ്പിൽ റൺമല ഉയരുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. 350ന് മുകളിലുള്ള സ്കോറുകൾ പതിവായാലും അത് ഭുതപ്പെടേണ്ടതില്ല. പഴയകാല ഇംഗ്ളീഷ് പിച്ചുകളാവില്ല ഇത്തവണ. ഇന്ത്യയിലേതിനെക്കാൾ ഫ്ളാറ്റായ പിച്ചുകളാണ് ലോകകപ്പിന്റെ ആവേശം കൂട്ടാൻ ഒരുക്കിയിരിക്കുന്നത്.
ഇന്നത്തെ പോരാട്ടം
ഇംഗ്ളണ്ട് Vs ദക്ഷിണാഫ്രിക്ക
വൈകിട്ട് 3 മണിമുതൽ
സ്റ്റാർസ്പോർട്സിൽ ലൈവ്
ലോകകപ്പും ജേതാക്കളും
1975 - വെസ്റ്റ് ഇൻഡീസ്
1979-വെസ്റ്റ് ഇൻഡീസ്
1983-ഇന്ത്യ
1987-ആസ്ട്രേലിയ
1992-പാകിസ്ഥാൻ
1996-ശ്രീലങ്ക
1999-ആസ്ട്രേലിയ
2003 - ആസ്ട്രേലിയ
2007- ആസ്ട്രേലിയ
2011- ഇന്ത്യ
2015 - ആസ്ട്രേലിയ
5
തവണ കിരീടം നേടിയ ആസ്ട്രേലിയയാണ് ലോകകപ്പിലെ ഏറ്റവും സമ്പന്നമായ ചരിത്രത്തിന് ഉടമകൾ.
2
ഇന്തയും വിൻഡീസും രണ്ടുതവണ വീതം ജേതാക്കളായി.
1
പാകിസ്ഥാൻ , ശ്രീലങ്ക എന്നിവർ ഒാരോ തവണ വീതം കപ്പുയർത്തി.
2278
ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് സച്ചിൻ ടെൻഡുൽക്കറാണ്. 2278 റൺസ്. ആറ് ലോകകപ്പുകളിലാണ് സച്ചിൻ കളിച്ചത്.
71
വിക്കറ്റുകൾ നേടിയ ആസ്ട്രേലിയ പേസർ ഗ്ളെൻ മക്ഗ്രാത്താണ് ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ.