പാറശാല: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതിചെയ്യുന്ന ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കാൻ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മഹേശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തിയ മന്ത്രി, മഹാശിവലിംഗത്തിനുള്ളിൽ പ്രതിഷ്ഠിക്കുന്ന 108 ചെറുശിവലിംഗങ്ങൾ സ്ഥാപിക്കാനുള്ള പീഠം ഉറപ്പിക്കൽചടങ്ങ് നിർവഹിച്ചു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, ക്ഷേത്രം മേൽശാന്തി കുമാർ മഹേശ്വരം, ഓലത്താന്നി അനിൽ എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് വിരിവയ്ക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മഹേശ്വരം ക്ഷേത്രത്തെ പിക്നിക് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ചെങ്കലിൽ ടൂറിസം ഹബ്ബ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.