വിഴിഞ്ഞം: തിരുവല്ലം സ്റ്റേഷനിലെ പൊലീസുകാരുടെ ക്രൂര മർദ്ദനത്തിനിരയായ യുവതി ആതിര (18) ആശുപത്രി ചികിത്സയിൽ തുടരുന്നു. ഇന്ന് ഡി.ജി.പി അടക്കമുള്ളവർക്ക് പരാതി നൽകും. ചികിത്സയിൽ കഴിയുന്ന യുവതിയുടെ ഭർത്താവ് അനീഷ് റിമാൻഡിലാണ്. പൊലീസുകാരുടെ ബൂട്ടുകൊണ്ടുള്ള ചവിട്ടേറ്റ് അനീഷിന്റെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ തിരുവല്ലം സ്റ്റേഷനിലെ എസ്.സി.പി.ഒ സൈമൺ, സി.പി.ഒ ഗോപിനാഥ് എന്നിവരെ അന്വേഷണ വിധേയമായി സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ സസ്പെൻഡ് ചെയ്തിരുന്നു. അയൽവാസിയായ സ്ത്രീയെയും പെൺമക്കളെയും ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഞായറാഴ്ച പാച്ചല്ലൂർ സ്വദേശി അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനിൽ നിന്ന് പാറാവുകാരനെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പിൻതുടർന്ന് എത്തിയ പൊലീസുകാർ പ്രതിയെ പിടിക്കുന്നതിനിടെ പ്രതിയുടെ ഭാര്യയുടെ വയറ്റിൽ കാൽമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു. പൊലീസ് സംഭവം മറച്ചുവച്ചെങ്കിലും സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെയാണ് രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. തിരുവല്ലം പൊലീസിൽ പരാതികൾ ഒതുക്കി തീർക്കുകയാണെന്ന പരാതിയുമായി കൂടുതൽ പേർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ തയ്യാറാവുകയാണ്. രണ്ടു മാസം മുൻപ് പാച്ചല്ലൂർ ക്ഷേത്രത്തിനു സമീപംവച്ച് കേരളകൗമുദിയുടെ സർക്കുലേഷൻ വിഭാഗം ജീവനക്കാരായ തംബുരു, സൂഫിയാൻ എന്നിവരെ മദ്യപസംഘം സഞ്ചരിച്ച കാർ ഇടിച്ച് ഗുരുതര പരിക്കേറ്റ സംഭവം ആദ്യം ഒതുക്കി തീർക്കാൻ ശ്രമിച്ചു. ഒടുവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ മെഡിക്കൽ ടെസ്റ്റിന് വിധേയമാക്കിയില്ല. ഉന്നതരുടെ സ്വാധീനത്താൽ നിസാര വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. കേസിലെ യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് തിരുവല്ലം പൊലീസ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.