തിരുവനന്തപുരം: പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മികവുറ്റതാക്കാൻ പ്രൊഫ. ഖാദർ കമ്മിറ്റി ശുപാർശ ചെയ്തത് പ്രകാരംഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർസെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ യോജിപ്പിച്ച് ഡയറക്ടറേറ്റ് ഒഫ് ജനറൽ എഡ്യുക്കേഷൻ രൂപീകരിക്കും. ഐ.എ.എസ് കേഡറിലുള്ള ഉദ്യോഗസ്ഥനായിരിക്കും ചുമതല.
വിദഗ്ദ്ധ സമിതി ശുപാർശകൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം 2019- 20 അദ്ധ്യയനവർഷം തന്നെ ആരംഭിക്കും.
ഡി.പി.ഐ, ഡി.എച്ച്.എസ്.ഇ, ഡി.വി.എച്ച്.എസ്.ഇ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ്ടു അടക്കമുള്ള പൊതുപരീക്ഷകളുടെ നടത്തിപ്പിന് ഡയറക്ടർ ഒഫ് ജനറൽ എഡ്യുക്കേഷനെ പരീക്ഷാ കമ്മിഷണറാക്കും.
എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങൾ തുടരും. ഇവ ഡയറക്ടർ ഒഫ് ജനറൽ എഡ്യുക്കേഷന്റെ പരിധിയിലായിരിക്കും. മേഖല, ജില്ല, ഉപജില്ലാ തലത്തിലുള്ള ആർ.ഡി.ഡി, എ.ഡി, ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ ഓഫീസ് സംവിധാനങ്ങളും തുടരും.
ഹയർസെക്കൻഡറിതലം വരെയുള്ള സ്ഥാപനത്തിന്റെ മേധാവി പ്രിൻസിപ്പലായിരിക്കും. നിലവിലുള്ള ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പൽ ആകും. സ്കൂളിന്റെ പൊതു ചുമതലയും ഹയർസെക്കൻഡറി വിഭാഗത്തിന്റെ അക്കാഡമിക് ചുമതലയും പ്രിൻസിപ്പൽ വഹിക്കും.
ഹൈസ്കൂളിന്റെ ഓഫീസ് സംവിധാനം ഹയർസെക്കൻഡറിക്കു കൂടി ബാധകമായ രീതിയിൽ പൊതു ഓഫീസായി മാറും. ശമ്പളവിതരണത്തിന് ഏകീകൃത സംവിധാനം വരുന്നതുവരെ നിലവിലെ സംവിധാനം തുടരും.
ഹയർസെക്കൻഡറി ഇല്ലാത്ത സ്കൂളുകളിൽ നിലവിലുള്ള സമ്പ്രദായം തുടരും. ഏകീകരണവുമായി ബന്ധപ്പെട്ട് സമഗ്രമായ സ്‌പെഷ്യൽ റൂൾ ഉണ്ടാക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി.