പോത്തൻകോട്: സംസ്ഥാന സർക്കാർ ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന മാതൃകാ സുരക്ഷാ റോഡ് പദ്ധതിയിൽ കാട്ടായിക്കോണം ജംഗ്‌ഷൻ അടിമുടി മാറും. 72 ലിങ്ക് എം.സി ബൈപാസ് റോഡായ കഴക്കൂട്ടം - തൈക്കാട് വരെയുള്ള റോഡിൽ ഉൾപ്പെടുന്നതാണ് കാട്ടായിക്കോണം ജംഗ്‌ഷൻ. സർക്കാർ നടപ്പിലാക്കുന്ന സേഫ് കോറിഡോർ ഡെമൻസ്‌ട്രേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് ജംഗ്‌ഷൻ നവീകരിക്കുന്നത്. കഴക്കൂട്ടം മുതൽ അടൂർ വരെ നടപ്പിലാക്കുന്ന മാതൃകാ സുരക്ഷാ റോഡ് പദ്ധതിയുടെ ഭാഗമായി നാറ്റ്പാകും, സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ കെ.എസ്.ടി.പി.യും സംയുക്തമായി തയ്യാറാക്കിയ ജംഗ്‌ഷൻ വികസന പദ്ധതിയുടെ സ്ഥലപരിശോധനയ്‌ക്കാണ് വേൾഡ് ബാങ്ക് പ്രതിനിധി കൃഷ്ണൻ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. കെ.എസ്.ടി.പി സൂപ്രണ്ടിംഗ് എൻജിനിയർ അൻസാർ, നാറ്റ്പാക് എൻജിനിയർ അരുൺ, പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ആധുനിക രീതിയിലുള്ള റോഡ് മാർക്കിംഗ്, ഫുട്പാത്തുകളുടെയും കലുങ്കുകളുടെയും പുനർ നിർമ്മാണം, നിലവിലെ ഓടകൾ നവീകരിക്കുക, പുതിയ ഓടകളുടെ നിർമ്മാണം, ജംഗ്‌ഷനുകളിലെ റോഡ് കൈവരികളുടെ നിർമ്മാണം, അപകടമേഖലകളിൽ മെറ്റൽ ബീം ക്രാഷ് ബാരിയറുകൾ സ്ഥാപിക്കൽ, അത്യാധുനിക സിഗ്നൽ സംവിധാനം, ദിശാ സൂചക ബോർഡുകൾ തുടങ്ങിയവയാണ് മാതൃകാ റോഡ് സുരക്ഷാ പദ്ധതിയിൽപ്പെടുന്നത്.
അപകടം പതിവായ ജംഗ്ഷൻ
-------------------------------------------
ചെറുതും വലുതുമായ അഞ്ച് പ്രധാന റോഡുകൾ കൂടിച്ചേരുന്ന ഇവിടത്തെ വർദ്ധിച്ചുവരുന്ന വാഹന അപകടങ്ങളും ഗതാഗത കുരുക്കും ഇല്ലാതാക്കാൻ നിരവധി പഠനങ്ങൾ നടന്നിരുന്നു. ശ്രീകാര്യം ഭാഗത്തുനിന്നും ചെമ്പഴന്തി വഴി എത്തുന്ന വാഹനങ്ങളും കഴക്കൂട്ടം -തൈക്കാട് എം.സി ബൈപാസ് വഴി പോത്തൻകോട്, വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കൂടിച്ചേരുന്നത് കാട്ടായിക്കോണം ജംഗ്‌ഷനിലാണ്. വേണ്ടത്ര സുരക്ഷാ മുൻകരുതലുകളോ ഡിവൈഡറുകളോ സിഗ്നൽ സംവിധാനമോ ഇല്ലാത്ത ഇവിടം സ്ഥിരം അപകടമേഖലയാണ്.
പദ്ധതിയിൽ നടപ്പാക്കുന്നത്
----------------------------------------
റോഡിന്റെ മദ്ധ്യഭാഗത്ത് മീഡിയൻ നിർമ്മിക്കും.
( കാട്ടായിക്കോണം ജംഗ്‌ഷനിൽ ഓട്ടോ സ്റ്റാന്റ് മുതൽ ശ്രീകാര്യം -
ചെമ്പഴന്തി റോഡ് വന്നുചേരുന്ന ഭാഗം വരെ)
ജംഗ്‌ഷന്റെ ഇരുവശത്തെയും കൈയേറ്റങ്ങൾ ഒഴിപ്പിക്കും
ഓടകൾ നവീകരിച്ച് കോൺക്രീറ്റ് സ്ളാബുകൾ പാകും
നടപ്പാതകൾ നിർമ്മിച്ച് കൈവരികൾ ഒരുക്കും
ആധുനിക സിഗ്നൽ സംവിധാനവും കാമറയും
കഴക്കൂട്ടം -തൈക്കാട് വരെയുള്ള 12 കിലോമീറ്റർ
തൈക്കാട് മുതൽ അടൂർ വരെയുള്ള 78 .65 കിലോമീറ്റർ
ആകെ പദ്ധതി തുക - 146 കോടി രൂപ
റോഡ് സേഫ്റ്റിക്ക് മാത്രം 65 കോടി