തിരുവനന്തപുരം: കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ കർഷകരുടെ എല്ലാ വായ്പകളിന്മേലുമുള്ള ജപ്തി നടപടികൾ ഡിസംബർ 31 വരെ നിറുത്താൻ സർക്കാർ മാർച്ച് 5ന് തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപ് ഉത്തരവിറക്കാനായില്ല.
പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയെങ്കിലും സർക്കാർ നൽകിയ വിശദീകരണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. അതേസമയം, കർഷകരുടെ കാർഷികേതര കടങ്ങൾക്കുൾപ്പെടെ ഡിസംബർ 31വരെ മൊറട്ടോറിയം നീട്ടി നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിൽ റിസർവ് ബാങ്കിന്റെ മറുപടി ലഭിച്ചിട്ടില്ല.