തിരുവനന്തപുരം:പ്രളയത്തിൽ തകർന്ന വീടുകളും റോഡുകളും നന്നാക്കാൻ പണമില്ലാതെ വലയുമ്പോഴും പുനർനിർമ്മാണ ഓഫീസിനായി വാടകയ്‌ക്കെടുത്ത
കെട്ടിടം 88.50 ലക്ഷം രൂപ ചിലവിട്ട് മോടിപിടിപ്പിക്കുന്നു.പ്രളയ പുനർനിർമ്മാണത്തിനായി ലോകബാങ്കിലും ഏഷ്യൻ ബാങ്കിലും നിന്ന് പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് സർക്കാർ. പണത്തിനായി മുഖ്യമന്ത്രി വിദേശരാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിവന്നിരിക്കുകയാണ്.
പുനർനിർമ്മാണത്തിന് സർക്കാർ രൂപീകരിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവിനായി സെക്രട്ടേറിയറ്റിന് എതിർവശത്ത് പുതിയ കെട്ടിടം വൻ വാടകയ്‌ക്കാണ് എടുത്തത്. സെക്രട്ടേറിയറ്റിലും അനക്സുകളിലും സ്ഥലം ഇല്ലെന്നാണ് ഇതിന് പറയുന്ന ന്യായം. ഇൗ കെട്ടിടം മോടിയാക്കാൻ 88.50 ലക്ഷം രൂപയുടെ കരാറും നൽകി.
ഇന്നലെ നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ ഇത് ശരിയല്ലെന്നും സർക്കാർ വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
പ്രളയത്തിൽ 10,319 വീടുകൾ പൂർണ്ണമായും 99,282 വീടുകൾ ഭാഗികമായും തകർന്നു. പ്രളയം കഴിഞ്ഞ് ഒരു വർഷമാകുന്നു. അടുത്ത മഴക്കാലം വരാറായി. താമസ സൗകര്യമില്ലാതെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. പത്തുശതമാനം പേർക്ക് പോലും വീട് നിർമ്മിച്ച് നൽകാൻ സർക്കാരിനായില്ല. പ്രളയദുരിതാശ്വാസത്തിന് 4206 കോടി രൂപയാണ് സഹായം കിട്ടിയത്. ഇതിൽ ചെലവഴിച്ചത് 1874കോടി മാത്രം. ബാക്കി 2332കോടിയാണുള്ളത്. പ്രളയദുരിതാശ്വാസത്തിന് 31,000 കോടിയെങ്കിലും വേണ്ടിവരും. പണം കണ്ടെത്താൻ മുഖ്യമന്ത്രി ഗൾഫിൽ പോയിട്ട് എത്ര രൂപ ലഭിച്ചെന്ന് നിയമസഭയിൽ ചോദിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. 1985 ൽ കേരളത്തിൽ മഴ ദുരിതമുണ്ടായപ്പോൾ 1.10 ലക്ഷം വീടുകളാണ് നഷ്ടപ്പെട്ടത്. അന്ന് സർക്കാർ പതിനൊന്ന് മാസം കൊണ്ട് വീടുകൾ നിർമ്മിച്ചു നൽകിയെന്ന് പി. ജെ. ജോസഫ് ചൂണ്ടിക്കാട്ടി. ഇപ്പോൾ എട്ടുമാസമായിട്ടും പത്ത് ശതമാനം വീടുകൾ പോലും പൂർത്തിയാക്കാൻ സർക്കാരിനായില്ലെന്ന് അദ്ദേഹം പറഞ്ഞു.