തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്ന തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ നഗരമേഖലയിൽ വൻതോതിൽ സി.പി.എമ്മിന്റെ വോട്ടുകൾ കോൺഗ്രസിക്ക് ചോർന്നുപോയെന്ന് സി.പി.ഐയുടെ കുറ്റപ്പെടുത്തൽ. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം നിയോജകമണ്ഡലങ്ങളിൽ ഇത് വളരെ പ്രകടമാണെന്നാണ് ഇന്നലെ ചേർന്ന തിരഞ്ഞെടുപ്പ് മണ്ഡലം സബ്കമ്മിറ്റിയുടെയും സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിന്റെയും വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിക്കെതിരെയും വിമർശനമുയർന്നു. മുന്നണി പ്രതീക്ഷിച്ച രാഷ്ട്രീയവോട്ടുകൾ ലഭിക്കാതിരുന്നതിന് പുറമേ ന്യൂനപക്ഷ ധ്രുവീകരണം വലിയതോതിൽ സംഭവിച്ചതും യു.ഡി.എഫിന് അനുകൂലമാക്കി. ശബരിമല വിഷയം കൈകാര്യം ചെയ്തതിലും അവധാനതയില്ലായ്മ സംഭവിച്ചെന്ന വിമർശനവുമുയർന്നു. വിധി നടപ്പാക്കിയത് ധൃതി പിടിച്ചാണെന്ന തോന്നൽ സൃഷ്ടിച്ചു. തിരഞ്ഞെടുപ്പിൽ ശബരിമല ചർച്ച ചെയ്യേണ്ടെന്ന നിലപാട് മുന്നണിയുടെ പരമ്പരാഗത വോട്ടർമാരിൽ പോലും നിജസ്ഥിതി ബോദ്ധ്യപ്പെടുത്തുന്നതിന് വിനയായി. നവോത്ഥാനമൂല്യ സംരക്ഷണസമിതി രൂപീകരിച്ചതും മറ്റും ഹിന്ദു സവർണവോട്ടർമാരെ പൂർണമായി അകറ്റി. ശബരിമല ഒരു വിഷയമെന്നതിനപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സി എം-പാനൽ ജീവനക്കാരുടെ സമരവും ജില്ലയുടെ മലയോരമേഖലയിലെ പട്ടയപ്രശ്നങ്ങളെ ചൊല്ലിയുണ്ടായ വിഷയങ്ങളുമെല്ലാം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. നഗര മേഖലയിലെ നാല് മണ്ഡലങ്ങളിലും പ്രതീക്ഷിച്ച വോട്ട് ലഭിക്കാതിരുന്നതാണ് മൂന്നാം സ്ഥാനത്തേക്ക് സ്ഥാനാർത്ഥി തള്ളപ്പെടാനിടയാക്കിയത്. എന്നാൽ റൂറൽ മേഖലയിലെ മണ്ഡലങ്ങളിൽ പ്രതീക്ഷിച്ച രാഷ്ട്രീയവോട്ടുകൾ കിട്ടുകയും ചെയ്തു. ആറ്റിങ്ങലിൽ അമിതമായ ആത്മവിശ്വാസമാണ് വിനയായത്. അവിടെയും ന്യൂനപക്ഷ കേന്ദ്രീകരണം നല്ലത് പോലെ സംഭവിച്ചു. ശബരിമല വിഷയവും വലിയതോതിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.