gold

തിരുവനന്തപുരം: സ്വർണ്ണക്കളളക്കടത്ത് കേസിൽ ഡി.ആർ.ഐ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടായിരുന്ന പി.ടി.പി നഗർ സ്വദേശി രാധാകൃഷ്ണനെതിരെ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ്. അഴിമതി കേസുകൾ അന്വേഷിക്കുന്ന സി.ബി.ഐ കൊച്ചിയൂണിറ്റിനാണ് അന്വേഷണ ചുമതല. കേസിന്റെ തുടക്കം മുതൽ സിബിഐയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും രഹസ്യ വിവരങ്ങൾ ശേഖരിച്ചിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ കസ്റ്റംസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതോടെയാണ് നിയമോപദേശത്തിനൊടുവിൽ സി.ബി.ഐ കേസെടുക്കാൻ തയ്യാറായത്. അന്വേഷണത്തിന്റെ ഭാഗമായി റിമാൻഡിൽ കഴിയുന്ന രാധാകൃഷ്ണനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സംഘം ഉടൻ കോടതിയെ സമീപിക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം മറ്ര് ജീവനക്കാർക്ക് പങ്കുള്ളതായി വ്യക്തമായാൽ അവരെയും സിബി.ഐ കേസിൽ പ്രതിചേർക്കും.

അതിനിടെ, സ്വർണക്കടത്ത് കേസിൽ കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു പങ്കുള്ളതായി കേന്ദ്ര ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത് സംഘം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ മിക്കപ്പോഴും 5 അംഗ കസ്റ്റംസ് സംഘമായിരുന്നു ഡ്യൂട്ടിയിൽ. അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോൺ, സെറീന സ്വർണവുമായി പിടിയിലായപ്പോൾ ഡിആർഐ പിടിച്ചെടുത്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസുകാരുടെ പങ്കിനെ കുറിച്ച് സൂചന ലഭിച്ചത്. മൊബൈൽ ഫോണുകൾ വിശദ അന്വേഷണത്തിനു സി–ഡാക്കിനു കൈമാറി. അതിൽ നിന്നു കിട്ടുന്ന വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരെ കൂടി പിടികൂടാൻ ഡി.ആർ.ഐ നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇവരെ കേസിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഡി.ആർ.ഐ.ക്ക് മേൽ വൻ സമ്മർദമുണ്ട്. ഇവരെയും ഒന്നിലേറെ തവണ ചോദ്യം ചെയ്തിരുന്നു.