prakas-thampy

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഡി.ആർ.ഐ അറസ്റ്റ് ചെയ്ത തിരുമല സ്വദേശി പ്രകാശ് തമ്പി കഴിഞ്ഞ നവംബർ മുതൽ അരഡസനിലധികം തവണ സ്വർണ്ണവും വിദേശ കറൻസിയും കടത്തിയതായി ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. പ്രതിമാസം മുപ്പതിനായിരം രൂപ ശമ്പളത്തിൽ നഗരത്തിലെ ഐ.ടി കമ്പനിയിൽ ജോലിചെയ്തിരുന്ന പ്രകാശ് അധികവരുമാനം ലക്ഷ്യമിട്ടാണ് വിഷ്ണുവും അഡ്വ. ബിജുവും നേതൃത്വം നൽകിയ സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിൽ കൂടിയത്. ആറിലധികം തവണകളിലായി 25 കിലോയോളം സ്വർണ്ണം താൻ കടത്തിയിട്ടുളളതായി ബിജു അന്വേഷണ സംഘത്തോട് സമ്മതിച്ചെങ്കിലും ഇതിന് എത്ര പ്രതിഫലംലഭിച്ചുവെന്നോ അത് എങ്ങനെ വിനിയോഗിച്ചുവെന്നോ അന്വേഷണസംഘത്തോട് വെളിപ്പെടുത്താൻ ഇയാൾ കൂട്ടാക്കിയിട്ടില്ല. ഇത് കണ്ടെത്താനായി ഡി.ആർ.ഐ സംഘം ഇയാളുടെയും ചില അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ പരിശോധിച്ചെങ്കിലും പണമോ സ്വർണ്ണമോ ലഭിച്ചില്ല. ഹവാല നിക്ഷേപങ്ങളായി ഇത് സുരക്ഷിതമാക്കിയിട്ടുണ്ടാകാമെന്നാണ് ഡി.ആർ.ഐയുടെ നിഗമനം.

സ്വർണ്ണക്കടത്തിലെ മുഖ്യപ്രതി അഡ്വ.ബിജുവിന്റെയും സഹായി വിഷ്ണുവിന്റെയും സുഹൃത്താണ് പ്രകാശ് തമ്പി. അറിയപ്പെടുന്ന സംഗീത സംവിധായകന്റെ മാനേജരായിരുന്ന പ്രകാശ് അദ്ദേഹത്തിന്റെ മരണശേഷമാണ് കള്ളക്കടത്ത് സംഘത്തിനൊപ്പം കൂടിയത്. വിദേശത്തുനിന്ന് സ്ത്രീകളടക്കമുള്ള കടത്തുകാർ കൊണ്ടുവരുന്ന സ്വർണം ശേഖരിക്കാൻ ഇയാൾ പലതവണ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. കടത്തികൊണ്ടുവരുന്ന സ്വർണം ആവശ്യമുള്ളവർക്ക് എത്തിക്കുന്നതും പ്രകാശായിരുന്നു. കിഴക്കേകോട്ടയിലെ ജൂവലറിയിൽ കടത്ത് സ്വർണം എത്തിച്ചിരുന്നത് പ്രകാശാണ്. കോടതിയിൽ ഹാജരാക്കിയ പ്രകാശ് തമ്പിയെ ഇന്നലെ റിമാൻഡ് ചെയ്തു.