veekshanam

കണ്ണൂർ: മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ കോൺഗ്രസ് മുഖപത്രം ആഞ്ഞടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാത്മാഗാന്ധിയോട് ഉപമിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽനിന്ന് പുറത്താക്കണമെന്ന് കണ്ണൂർ ഡി.സി.സി കെ.പി.സി.സിയോട് ആവശ്യപ്പെട്ടതിന് പിറകെയാണ് പാർട്ടി മുഖപത്രം അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷമായ ഭാഷയിൽ മുഖപ്രസംഗം എഴുതിയിരിക്കുന്നത്.

കോൺഗ്രസിൽനിന്ന്കൊണ്ട് ബി.ജെ.പിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല. ദേശാടന പക്ഷിയെപോലെ ഇടക്കിടെ ആവാസ സ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി സി.പി.എമ്മിൽനിന്ന് കോൺഗ്രസിൽ എത്തിയത് അധികാരമോഹത്തിന്റെ ഭാണ്ഡകെട്ടുമായിട്ടാണെന്ന് മുഖപ്രസംഗത്തിൽ രൂക്ഷമായ ഭാഷയിൽ പറയുന്നു. ഇപ്പോൾ ബി.ജെ.പിയിലേക്ക് ചേക്കേറാനും അതേ ഭാണ്ഡക്കെട്ടാണ് അബ്ദുള്ളക്കുട്ടി മുറുക്കിക്കൊണ്ടിരിക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.

രണ്ട് തവണ സി.പി.എമ്മിന്റെ ലോക്സഭാംഗമായിരുന്ന അദ്ദേഹം ഇപ്പോൾ താമരകുളത്തിൽ മുങ്ങികുളിക്കാനാണ് മോഹിക്കുന്നത്.

കോൺഗ്രസിന് ഇപ്പോൾ തോൽവിയുടെ വേനൽകാലമാണെന്നും ബി.ജെ.പിയിൽ താമര പൂക്കുന്ന വസന്തമാണെന്നും മനസ്സിലാക്കിയാണ് മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ഒരിക്കൽ വേലിചാടിയ പശു പിന്നീട് കാണുന്ന വേലികളൊക്കെ ചാടികടക്കും. അതുപോലെയാണ് കാലുമാറ്റത്തിലൂടെ രാഷ്ട്രീയ വിശുദ്ധി കളഞ്ഞ് കുളിച്ച അബ്ദുള്ളക്കുട്ടി വീണ്ടും വേലിചാടാനൊരുങ്ങുന്നത്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ മത്സരിക്കാൻ അവസരം കിട്ടാത്തതാണ് ഇപ്പോഴത്തെ കൂറുമാറ്റത്തിന് കാരണം. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടുന്ന അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടിയെ വഴിയിൽ ഉപേക്ഷിക്കണമെന്ന മുന്നറിയിപ്പും മുഖപ്രസംഗം നടത്തുന്നുണ്ട്. ഇത്തരം ജീർണതകളെ പേറിനടക്കരുതെന്ന ഉപദേശവും പത്രം പാർട്ടിക്ക് നൽകുന്നുണ്ട്. ഒരു പാൽസൊസൈറ്റിയുടേയോ പഞ്ചായത്തിലേയോ അംഗങ്ങളാകാൻ സാധിക്കാത്ത നിർഭാഗ്യവാന്മാരായ കോൺഗ്രസുകാരുടെ മുകളിലൂടെയാണ് അബ്ദുള്ളക്കുട്ടിയെ പോലുള്ളവർ കോൺഗ്രസിൽ എത്തുന്നതും സ്ഥാനമാനങ്ങൾ നേടുന്നതും. സി.പി.എമ്മിൽനിന്ന് തോണ്ടി എറിഞ്ഞ അബ്ദുള്ളക്കുട്ടിക്ക് രാഷ്ട്രീയ അഭയവും രക്ഷയും നൽകിയ കോൺഗ്രസിനെ അയാൾ തിരിഞ്ഞ് കൊത്തുകയാണ്. ഇത്തരം അഞ്ചാം പത്തികളെ ഇനിയും വച്ചുപൊറിപ്പിക്കരുതെന്ന ഉപദേശത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

ഇതോടെ അബ്ദുള്ളക്കുട്ടി കോൺഗ്രസിൽനിന്ന് പുറത്താകുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു. അബ്ദുള്ളക്കുട്ടി വന്നുപോയ ആൾ മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി കഴിഞ്ഞ ദിവസം പ്രസ്താവനയിൽ പറഞ്ഞിരുന്നു. കോൺഗ്രസിൽനിന്ന് പുറത്തുവരുന്ന അബ്ദുള്ളക്കുട്ടിയോട് ബി.ജെ.പി എന്ത് സമീപനം സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.