ഉള്ളൂർ: മെഡിക്കൽ കോളേജ് പ്രീപെയ്ഡ് ആംബുലൻസ് കൗണ്ടറിൽ സ്വകാര്യ ആംബലൻസ് ഡ്രൈവർ 'ഫിറ്റായി' ഓട്ടത്തിനെത്തി . മദ്യത്തിന്റെ ഗന്ധം ബന്ധുക്കൾ ചോദ്യം ചെയ്തതോടെ നിൽക്കക്കള്ളിയില്ലാതെ രോഗിയെ വണ്ടിയിൽ ഉപേക്ഷിച്ച് ഡ്രൈവർ സ്കൂട്ടായി. ഇന്നലെ വൈകുന്നേരം 6.45നായിരുന്നു സംഭവം. മെഡിക്കൽ കോളേജിലെ പത്തൊമ്പതാം വാർഡിൽ നിന്ന് ഡിസ് ചാർജ് ചെയ്ത നെയ്യാറ്റിൻകര സ്വദേശി രാധയെ വീട്ടിലേക്ക് കൊണ്ടുപോകാൻ പ്രീപെയ്ഡ് ആംബുലൻസ് കൗണ്ടറിൽ പണം ഒടുക്കിയവർക്ക് മുന്നിലാണ് ആംബുലൻസ് ഡ്രൈവർ 'പാമ്പായി' എത്തിയത്. മദ്യലഹരിയിൽ നേരെ നിൽക്കാൻ കഴിയാത്ത നിലയിലായിരുന്നു ഡ്രൈവർ. മദ്യലഹരിയിൽ വാഹനം ഓടിക്കുന്നത് ചോദ്യം ചെയ്ത രോഗിയുടെ ബന്ധുക്കളോട് ഇയാൾ കയർത്തതോടെ ആശുപത്രി പരിസരത്തുണ്ടായിരുന്നവർ പ്രശ്നത്തിൽ ഇടപെട്ടു. ഒടുവിൽ രംഗം പന്തിയല്ലെന്ന് കണ്ട് ആംബുലൻസ് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആംബുലൻസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ ആശുപത്രിയിലെ ആംബുലൻസ് വിട്ടുനൽകിയാണ് പ്രശ്നം പരിഹരിച്ചത്. മെഡിക്കൽ കോളേജ് പരിസരത്ത് ഓടുന്ന ആംബുലൻസ് ഡ്രൈവർമാർ മദ്യപിക്കുന്നത് പതിവാണെന്നും ആംബുലൻസ് ആയതിനാൽ ആരും വാഹനം പരിശോധിക്കാൻ ഒരുമ്പെടാത്തതാണ് ഇതിന് കാരണമെന്നും രോഗികളും കൂട്ടിരിപ്പുകാരും ആരോപിച്ചു.