തീർത്തും മോശമായി വരയ്ക്കപ്പെട്ട ചിത്രങ്ങൾ ആരെങ്കിലും പ്രദർശനത്തിന് വയ്ക്കുമോ? അമേരിക്കയിലെ മസാച്യുസെറ്റ്സിലെ മ്യൂസിയം ഒഫ് ബാഡ് ആർട്ടിൽ ചെന്നാൽ കാണാം അത്തരം ചിത്രങ്ങൾ. കാണാൻ ഭംഗിയില്ലാത്ത, എല്ലാവരും അവഗണിക്കുന്ന ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഇത്തരം 700 പെയിന്റിംഗുകൾ ഇവിടെയുണ്ട്. ലോകമെമ്പാടും മികച്ച കലാസൃഷ്‌ടികളെ അഭിനന്ദിക്കുമ്പോൾ ഇത്തരം ചിത്രങ്ങളെയും അതിന്റെ സ്രഷ്‌ടാക്കളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ മ്യൂസിയത്തിന്റെ ലക്ഷ്യം എന്നാണ് സ്ഥാപകർ പറയുന്നത്. 1994ൽ സ്കോട്ട് വിൽസൺ എന്നയാളാണ് ഈ സ്വകാര്യ മ്യൂസിയം തുടങ്ങിയത്. ചവറുകൂനയിൽ നിന്നും ലഭിച്ച ഒരു പെയിന്റിംഗ് പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. 'ലൂസി ഇൻ ദ ഫീൽഡ് വിത്ത് ഫ്ലവേഴ്സ് ' എന്ന പെയിന്റിംഗാണ് ഇവിടത്തെ മാസ്റ്റർ പീസ്. 'മോണാലിസ', ' സൺഡെ ഓൺ ദ പോട്ട് വിത്ത് ജോർജ് ', 'ബോൺ - ജഗ്ഗ്ലിംഗ് ഡോഗ് ഇൻ ഹൂല സ്കേർട്ട് ', 'മോട്ടിഫ്സ് ആൻഡ് ഇന്റർപ്രട്ടേഷൻസ് ' തുടങ്ങിയവയും സന്ദർശകരുടെ 'മനംകവരുന്നു'. മോശമെന്ന് തോന്നിക്കുന്നതാണെങ്കിലും ഗൗരവമായ സാമൂഹ്യ പ്രശ്‌നങ്ങളെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും ഇവിടെയുണ്ട്. മസാച്യുസെറ്റ്സിലെ ഡെഡ്‌ഡം നഗരത്തിലെ കമ്യൂണിറ്റി ഹാളിന്റെ ബേസ്‌മെന്റിൽ തുടങ്ങിയ ഈ മ്യൂസിയത്തിന് ജനശ്രദ്ധ ലഭിച്ചതോടെ സോമർവില്ല്, ബ്രൂക്ക്ലിൻ, സൗത്ത് വെയ്മോത്ത് എന്നിവിടങ്ങളിലും ബ്രാഞ്ചുകൾ തുടങ്ങി.