തിരുവനന്തപുരം: ഫിഷ് കട്ലറ്റ്, ലോലിപോപ്പ്, മഞ്ചൂരിയൻ, ബർഗർ, നൂഡിൽസ് എന്നിങ്ങനെ കൊതിയൂറുന്ന 25 'ന്യൂജനറേഷൻ' മീൻ വിഭവങ്ങൾ ഉടൻ മാർക്കറ്റിലെത്തും. മത്സ്യത്തൊഴിലാളികളായ സ്ത്രീകളുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തീരദേശ വികസന കോർപറേഷനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ബേക്കറികളിലും ചെറിയ ഔട്ട്‌ലെറ്റിലൂടെയും പുറത്തിറക്കുന്ന വിഭവങ്ങൾ അധികം വൈകാതെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ലഭ്യമാകും. പ്രധാനസ്ഥലങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് വില്പന നടത്താനും പദ്ധതിയുണ്ട്. 'റെഡി ടു ഈറ്റ്", 'റെഡി ടു കുക്ക്" എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടായിരിക്കും പായ്ക്കറ്റ് രൂപത്തിൽ വിഭവങ്ങളെത്തുക. ഒന്ന് ചൂടാക്കിയോ ഫ്രൈ ചെയ്തോ കഴിക്കാവുന്ന ഭക്ഷണങ്ങളാണ് റെഡി ടു ഈറ്റ്. കൊല്ലം ശക്തികുളങ്ങരയിലെ പ്ലാന്റിലാണ് ഇവ തയ്യാറാക്കുന്നത്. കറി വയ്‌ക്കാനുള്ള മീനും കറിക്കൂട്ടും ഒരേ പായ്‌ക്കറ്റിൽ ലഭ്യമാകുന്നതാണ് 'റെഡി ടു കുക്ക്'. കഷ്ണങ്ങളാക്കിയ മീനും ഒപ്പമുള്ള കറിക്കൂട്ടും ചേർത്ത് പാചകം ചെയ്താൽ അസൽ മീൻ കറി റെഡി. മീനിന്റെ ഇനമനുസരിച്ച് കറിക്കൂട്ടുകൾ മാറും. ഓരോ നാടിന്റെ രുചിയനുസരിച്ചുള്ള കറിക്കൂട്ടും ലഭിക്കും. വിഴിഞ്ഞത്താണ് റെഡി ടു കുക്കിന്റെ ആദ്യ യൂണിറ്റ് തയ്യാറാകുന്നത്. പരീക്ഷണാർത്ഥം ചില വിഭവങ്ങൾ മാർക്കറ്റിലെത്തിച്ചിട്ടുണ്ടെന്നും നല്ല രീതിയിൽ വില്പന നടക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു. വിഭവങ്ങൾക്ക് അനുസരിച്ച് വിലയിൽ മാറ്റം വരും.സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയുടെ (സിഫ്റ്ര്) നേതൃത്വത്തിൽ പരിശീലനം ലഭിച്ച നാല്പതോളം മത്സ്യത്തൊഴിലാളികളായ സ്ത്രീകളാണ് ഇവ തയ്യാറാക്കുക. സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഇതിന്റെ പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു.
പ്രധാന മീൻ ഉത്പന്നങ്ങൾ
ഫിഷ് കൊഫ്ത ബോൾസ്, ക്രിസ്പി ക്രിസെന്റ്സ്, ക്യൂട്ട് ടോട്ട്സ്, ചീസി ട്രീറ്റ്, ഫിഷ് കട്ലറ്റ്, ഫിഷ് ഡുനട്ട്സ്, ഫിഷ് സ്വയേഴ്സ്, ബർഗ, ഫിഷ് ലോലിപ്പോപ്പ്, ഫിഷ് മഞ്ചൂരിയൻ, മോമോസ്, മായോ വ്രാപ്, ഫിഷ് നൂഡിൽസ്, സ്‌പ്രിംഗ് റോൾ, സ്റ്റഫ്ട് ഫ്ലോററ്റ്സ്, സ്വീറ്റ് ഹാർട്ട്, ഫിഷ് സമൂസ, ഫിഷ് റോൾ, ഫിഷ് പേഴ്സ്, ഡേറ്റ്സ് ഡിലൈറ്റ്സ്.
ജൂൺ അവസാനവാരം പദ്ധതി ഔദ്യോഗികമായി ലോഞ്ച് ചെയ്യാനാണ് തീരുമാനം
-പി.ഐ. ഷേക്ക് പരീത്
എം.ഡി, തീരദേശ വികസന കോർപറേഷൻ