ഹംബർഗ്: പ്രസവശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ മാതാപിതാക്കൾ നവജാത ശിശുവിനെ കാറിനുള്ളിൽ മറന്നു വച്ചു. ജർമനിയിലെ ഹംബർഗിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം ആദ്യത്തെ കുട്ടിയും കാറിനുള്ളിൽ ഉണ്ടായിരുന്നു. ഈ കുട്ടിയെ എടുത്ത് കാറിൽ നിന്നിറങ്ങിയ ഇരുവരും കൈക്കുഞ്ഞിനെ എടുക്കുവാൻ മറന്നു പോയിരുന്നു. വാടകയും വാങ്ങി ടാക്സിക്കാരൻ മടങ്ങി അല്പസമയം കഴിഞ്ഞപ്പോഴാണ് കുട്ടി കൂടെയില്ലന്ന് ഇരുവർക്കും മനസിലായത്. കുട്ടിയുടെ അച്ഛൻ ടാക്സിക്കാരനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. അവർ അന്വേഷണം തുടങ്ങി. ഇൗ സമയമത്രയും കുഞ്ഞ് കാറിന്റെ പിറകിലുണ്ടെന്ന് അറിയാതെ ഡ്രൈവർ കാർ ഓടിച്ചു കൊണ്ടിരുന്നു. വഴിയിൽവച്ച് വിമാനത്താവളത്തിലേക്ക് പോകാൻ ഒരാൾ ഒാട്ടംവിളിച്ചു. ഇയാളാണ് സീറ്റിൽ കുട്ടിയുണ്ടെന്ന് ഡ്രൈവറെ അറിയിച്ചത്. ഡ്രൈവർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം കുഞ്ഞിനെ സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. പൊലീസ് അറിയച്ചതനുസരിച്ചെത്തിയ രക്ഷിതാക്കൾ കുട്ടി തങ്ങളുടേതാണെന്ന് ഉറപ്പാക്കി. ഇത്തരത്തിലൊരബദ്ധം മേലിൽ ഉണ്ടാവരുതെന്ന് ശക്തമായ താക്കീതുനൽകിയശേഷമാണ് കുഞ്ഞിനെ രക്ഷിതാക്കൾക്ക് നൽകിയത്. അബദ്ധം സംഭവിച്ചതാണെന്ന് വ്യക്തമായതിനാൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ല.