rooster

ഭോപ്പാൽ:അടുത്ത വീട്ടിലെ പൂവൻകോഴി പെൺകുട്ടിയെ കൊത്തി.വീട്ടമ്മയുടെ പരാതിയെ തുടർന്ന് കോഴിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്ധ്യപ്രദേശിലെ ശിവ് പുരയിലാണ് സംഭവം. ഊരാക്കുടുക്കായ കേസിൽ നിന്ന് എങ്ങനെ തലയൂരുമെന്നറിയാതെ വിഷമിക്കുകയാണ് പൊലീസ്.

രണ്ടുദിവസത്തിനുമുമ്പാണ് കോഴി പെൺകുട്ടിയെ ഓടിച്ചിട്ട് കൊത്തിയത്. കുട്ടിയുടെ നിലവിളികേട്ട് അമ്മയെത്തി. ചോരയൊലിക്കുന്ന മുറിവുമായി നിൽക്കുന്ന മകളെ കണ്ടതോടെ അവരുടെ കൺട്രോളുപോയി. ഗുരുത്വംകെട്ട കോഴിയെ നിലയ്ക്കുനിറുത്താൻ നടപടിസ്വീകരിക്കണമെന്ന ആവശ്യവുമായി അവർ നേരെ പൊലീസ് സ്റ്റേഷനിലെത്തി. മനുഷ്യനെ കസ്റ്റഡിയിലെടുക്കാനേ തങ്ങൾക്ക് പറ്റൂ എന്നുപറഞ്ഞ് കൈയൊഴിയാൻ പൊലീസുകാർ ശ്രമിച്ചെങ്കിലും വീട്ടമ്മ വിട്ടില്ല. നടപടിയെടുത്തില്ലെങ്കിൽ സംഭവം ഗുരുതരമാകുമെന്ന് പറഞ്ഞതോടെ കോഴിപ്രശ്നത്തിൽ ഇടപെടാമെന്ന് പൊലീസുകാർ സമ്മതിച്ചു.

എത്രയുംപെട്ടെന്ന് കോഴിയെ ഹാജരാക്കാൻ പൊലീസ് ഉടമയ്ക്ക് നിർദ്ദേശം നൽകി. അല്പംപോലും വൈകാതെ കോഴിയുമായി ഉടമ സ്റ്റേഷനിലെത്തി. പ്രശ്നക്കാരനെന്ന് വ്യക്തമായതിനാൽ കോഴിയെ കസ്റ്റഡിയിലെടുക്കുന്നതായി പൊലീസ് അറിയിച്ചു. അതോടെ ഉടസ്ഥൻ നിലവിളിയായി. ഒരുവർഷംമുമ്പ് വാങ്ങിയ കോഴിയാണിതെന്നും ഇത്തിരി കുറുമ്പുണ്ടെന്നതല്ലാതെ പ്രശ്നക്കാരനല്ലെന്നുമായിരുന്നു ഉടമയുടെ വാദം. കോഴിയെ വെറുവിട്ട് തന്റെപേരിൽ നടപടിയെടുക്കണം എന്നും അയാൾ ആവശ്യപ്പെട്ടു.

അതോടെ പൊലീസ് ശരിക്കും പെട്ടു. കോഴിക്കെതിരെ ഇപ്പോൾ നടപടിയെടുക്കുന്നില്ലെന്നു പറഞ്ഞ് പൊലീസുകാർ ഒരുതരത്തിൽ ഉടമയെ സമാധാനിപ്പിച്ചു. സംഭവമറിഞ്ഞ് പെൺകുട്ടിയുടെ അമ്മ എത്തി. കോഴിക്കെതിരെ നടപടി എടുത്തേ പറ്റൂ എന്നാണ് അവർ പറയുന്നത്. എങ്ങനെ പ്രശ്നം തീർക്കുമെന്നറിയാതെ കഷ്ടപ്പെടുകയാണ് പൊലീസ്.