തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതിയെത്തുടർന്ന് മൂന്ന് റോഡുകളുടെ നിർമ്മാണം മന്ത്രി ജി. സുധാകരൻ തടഞ്ഞു. മന്ത്രിയോട് പരാതിപ്പെടാനുള്ള ടോൾഫ്രീ നമ്പരിലൂടെയാണ് പരാതി ലഭിച്ചത്. പാങ്ങോട് - കടയ്‌ക്കൽ - ചിങ്ങേലി - ചടയമംഗലം റോഡ് (22 കിലോ മീറ്റർ), ചെങ്ങമനാട് - അഞ്ചൽ റോഡ് (15 കിലോ മീറ്റർ), ശാസ്‌താംകോട്ട -കൊട്ടാരക്കര നീലേശ്വരം കോടതി സമുച്ചയം റോഡ് എന്നിവയുടെ നിർമ്മാണമാണ് നിറുത്തിയത്.
കൊട്ടാരക്കര സബ് ഡിവിഷൻ റോഡ്സിന് കീഴിലുള്ള പാങ്ങോട് - ചടയമംഗലം റോഡ് കിഫ്ബിയിലുൾപ്പെടുത്തി 27 കോടി ചെലവിലാണ് നിർമ്മിക്കുന്നത്. ഈ റോഡിന്റെ നിർമ്മാണത്തെക്കുറിച്ച് റോഡ് ഫണ്ട് ബോർഡിലെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് പ്രോജക്ട് ഡയറക്ടർ ബിനുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.
എൻ.എച്ച് സബ് ഡിവിഷൻ പുനലൂരിന് കീഴിലുള്ള ചെങ്ങമനാട് - അഞ്ചൽ റോഡിന്റെ നിർമ്മാണത്തെക്കുറിച്ച് ദേശീയപാത ചീഫ് എൻജിനിയർ അശോക് കുമാറടങ്ങുന്ന സംഘം നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. കിഫ്ബിയിലുള്ള 20.80 കോടിയുടെ ശാസ്‌താംകോട്ട - കൊട്ടാരക്കര നീലേശ്വരം കോടതി സമുച്ചയം റോഡിന്റെ അപകാതകൾ പത്രവാർത്തകളിലൂടെ അറിഞ്ഞതോടെയാണ് നിർമ്മാണം നിറുത്തിയത്. മെയിന്റനൻസ് ചീഫ് എൻജിനിയർ ബീനയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.
റിപ്പോർട്ടുകൾ പരിശോധിച്ചശേഷം കരാറുകാർക്കെതിരെയും മേൽനോട്ടം വഹിച്ച എൻജിനിയർമാർക്കെതിരെയും നടപടിയെടുക്കുമെന്നും മന്ത്റി അറിയിച്ചു. കൃത്യവിലോപമോ കരാർ ലംഘനമോ ഉണ്ടായിട്ടുണ്ടെങ്കിൽ കരാറുകാരുടെ ലൈസൻസ് റദ്ദാക്കും. പൊതുമരാമത്ത് വകുപ്പിന്റെ പരാതി പരിഹാര സെല്ലിലേക്ക് എല്ലാ പ്രവൃത്തി ദിവസവും രാവിലെ 9.30 മുതൽ രാത്രി 7.30 വരെ 1800 425 7771 എന്ന ടോൾ ഫ്രീ നമ്പരിൽ പരാതി അറിയിക്കാം. മാസത്തിൽ ഒരു ദിവസം ഒരു മണിക്കൂർ മന്ത്റി നേരിട്ടും പരാതി സ്വീകരിക്കും.