തിരുവനന്തപുരം: കോട്ടയത്തെ കെവിന്റെ ദുരഭിമാനകൊല തടയാൻ ശ്രമിക്കാതിരിക്കുകയും അന്വേഷണത്തിൽ അലംഭാവം കാട്ടുകയും പ്രതികളുമായി ഒത്തുകളിക്കുകയും ചെയ്തതിനെത്തുടർന്ന് സസ്പെൻഷനിലായിരുന്ന കോട്ടയം ഗാന്ധിനഗർ എസ്.ഐ എം.എസ്.ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ഷിബുവിനെ വീണ്ടും സസ്പെൻഷനിൽ നിറുത്തുകയും ചെയ്തു.
കെവിന്റെ മാതാപിതാക്കൾ ബുധനാഴ്ച മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.
കെവിനെ തട്ടിക്കൊണ്ടുപോയതായി പിതാവും ഭാര്യയും പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്ന എസ്.ഐ ഷിബു ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്‌ചയും അച്ചടക്കലംഘനവും കാട്ടിയെന്നും പ്രതികൾക്ക് ഒത്താശ ചെയ്തെന്നും ഇത് കെവിന്റെ മരണത്തിന് ഇടയാക്കിയെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്നാണ് ഷിബുവിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം ഷിബുവിനെ, സർവീസിൽ തിരിച്ചെടുത്ത് കോട്ടയം ജില്ലയിൽ നിയമിച്ചു. പിന്നാലെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി. സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള താത്കാലിക തീരുമാനം മാറ്റി എസ്.ഐമാരുടെ സീനിയോറിറ്റി പട്ടികയിൽ അവസാന സ്ഥാനത്തേക്ക് തരംതാഴ്‌ത്തി ഉത്തരവിറക്കി.
ഷിബുവിനെ തിരിച്ചെടുത്തത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെവിന്റെ പിതാവ് പി.ജോസഫ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇയാളെ സർവീസിൽ തിരിച്ചെടുക്കുകയും സീനിയോറിറ്റിയിൽ തരംതാഴ്‌ത്തുകയും ചെയ്തത് ഷിബുവിന്റെ ഗുരുതരമായ കൃത്യവിലോപത്തിന് ആനുപാതികമായ ശിക്ഷയല്ലെന്ന് ആഭ്യന്തരവകുപ്പിന്റെ പുനഃപരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഷിബുവിനെ തിരിച്ചെടുക്കാനുള്ള കൊച്ചി റേഞ്ച് ഐ.ജിയുടെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.