തിരുവനന്തപുരം: എലിവേറ്റഡ് ഹൈവേ നിർമ്മാണം വേഗത്തിലാക്കുന്നതിനായി ദേശീയപാത ബൈപാസിൽ കഴക്കൂട്ടം മുതൽ ടെക്നോപാർക്ക് വരെയുള്ള ഭാഗത്ത് ആറുമാസത്തേക്ക് വാഹനയാത്രയ്‌ക്ക് നിയന്ത്രണം. യാത്രക്കാർക്ക് ഇനി ആശ്രയം സർവീസ് റോഡുകൾ മാത്രം. ഇതിനായുള്ള ട്രയൽറൺ തുടങ്ങി. പോരായ്‌മകൾ പരിഹരിച്ച് ജൂൺ മൂന്ന് മുതൽ ബൈപാസ് പൂർണമായി അടയ്ക്കാനാണ് തീരുമാനം. ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് സംവിധാനങ്ങൾക്ക് അവസാന രൂപം നൽകും. സിറ്റി പൊലീസ് കമ്മിഷണർ രണ്ട് ദിവസം മുമ്പ് ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു. വാഹനഗതാഗതം തടസപ്പെടാതിരിക്കാൻ ബദൽ സംവിധാനം ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം ഫലപ്രദമാവുമെന്ന് വ്യക്തമായിട്ടില്ല. പ്രത്യേകിച്ച് മഴക്കാലം എത്തുന്നതോടെ വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടാവും. ഇടതടവില്ലാതെയുള്ള വാഹനഗതാഗതം നിർമ്മാണ ജോലികളെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് ബൈപാസ് അടയ്ക്കാൻ തീരുമാനിച്ചത്.
വാഹനങ്ങൾക്ക് പോകാൻ ബദൽ സംവിധാനം
രണ്ട് ദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ബദൽ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ചാക്ക ഭാഗത്തു നിന്നുള്ള വാഹനങ്ങൾ മുക്കോലയ്ക്കൽ ജംഗ്ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് സർവീസ് റോഡിൽ പ്രവേശിച്ച് കഴക്കൂട്ടം ഭാഗത്തേക്ക് പോകാം. വലിയ വാഹനങ്ങൾക്ക് കുളത്തൂർ - കഴക്കൂട്ടം റോഡിലൂടെ പോകുന്നതാണ് സൗകര്യം. കൂടാതെ ബീച്ച് റോഡിന്റെ സേവനവും പ്രയോജനപ്പെടുത്താനാവും. ചാക്ക ഭാഗത്തുനിന്ന് ടെക്നോപാർക്കിലേക്ക് പോകേണ്ടവർ സർവീസ് റോഡുവഴി കഴക്കൂട്ടം ജംഗ്ഷന് തൊട്ടുമുമ്പ് സജ്ജമാക്കുന്ന താത്കാലിക റാമ്പ് വഴി എതിർവശത്തെത്തി സർവീസ് റോഡിലൂടെ പോകാം. കൊല്ലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് സർവീസ് റോഡിൽ പ്രവേശിക്കണം. മുക്കോലയ്ക്കൽ ജംഗ്ഷനിലെത്തി അവർക്ക് ബൈപാസിൽ പ്രവേശിക്കാം. ടെക്നോപാർക്കിലേക്കുള്ളവർ കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ദേശീയപാതവഴി (ഉള്ളൂർ ഭാഗത്തേക്ക്) കാര്യവട്ടത്തെത്തി സർവകലാശാലയുടെ വശത്തുകൂടി വലത്തേക്ക് തിരിഞ്ഞ് ടെക്നോപാർക്കിന്റെ പിറക് ഗേറ്റിനടുത്തെത്താം.
കൂടുതൽ പൊലീസിനെ നിയോഗിക്കും
ട്രാഫിക് ഡ്യൂട്ടിക്ക് പൊലീസിനെ നിയോഗിക്കേണ്ട പ്രധാന പോയിന്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന് ആനുപാതികമായി പൊലീസിനെ വിന്യസിക്കും. കരാറെടുത്തിട്ടുള്ള കമ്പനി ഒരു ഡസനോളം വാർഡന്മാരെ നിയോഗിക്കും. വാഹനങ്ങൾ വഴിതിരിഞ്ഞു പോകേണ്ട സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള മുന്നറിയിപ്പ് ബോർഡുകളും തയ്യാറായിട്ടുണ്ട്.
കഴക്കൂട്ടം ജംഗ്ഷന് സമീപം വിജയാ ബാങ്കിന് മുന്നിൽ നിന്ന് ടെക്നോപാർക്ക്
ഫേസ് ത്രീ ഗേറ്റിന് മുന്നിൽ വരെ 2.72 കിലോമീറ്റർ നീളത്തിലാണ് എലിവേറ്റഡ് ഹൈവേ
195 കോടി ചെലവ്
30 മീറ്റർ വീതം അകലത്തിൽ സ്ഥാപിക്കുന്ന 79 കോൺക്രീറ്റ് തൂണുകൾ
45 മീറ്റർ വീതി