mullappally

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ താനെടുത്ത നിലപാട് ധാർഷ്ട്യമാണെങ്കിൽ അത് ആവർത്തിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ശബരിമലയിൽ പറ്റിയ ഗുരുതരമായ വീഴ്ച മറച്ചുവയ്ക്കാനുള്ള വൃഥാശ്രമമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ ജനം കഠിനമായി ശിക്ഷിച്ചു. മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സി.പി.എം രംഗത്ത് വന്നതോടെ പാർട്ടിയിലും മുഖ്യമന്ത്രി ഒറ്റപ്പെട്ടു. യഥാർത്ഥ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും മനസ്സിൽ പിണറായിക്കിനി സ്ഥാനമില്ല. അവസരവാദസേവകർ മാത്രം വിധേയത്വം നടിച്ച് കൂടെ നില്ക്കുന്നു. സി.പി.ഐ മുന്നോട്ടുവച്ച കമ്യൂണിസ്റ്റ് ഏകീകരണമെന്ന ആശയത്തെക്കുറിച്ച് സംസാരിക്കാൻ പോലും സി.പി.എമ്മിന് കഴിയുന്നില്ല. സി.പി.എമ്മിന് ഇതുപോലെ പ്രത്യയശാസ്ത്ര പ്രതിസന്ധിയുണ്ടായ കാലഘട്ടമില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അതിന്റെ വോട്ട്ബാങ്ക് നിലനിറുത്തുകയും സി.പി.എമ്മിന്റെ വോട്ട്ബാങ്കിൽ നിന്ന് കുത്തൊഴുക്ക് ഉണ്ടാവുകയും ചെയ്തിട്ടും മുഖ്യമന്ത്രി മാത്രം ഇരുട്ടിൽ തപ്പി പിച്ചുംപേയും പറയുകയാണ്. സകല സാമുദായിക ശക്തികളെയും എക്കാലവും വാരിപ്പുണർന്നിട്ടുള്ള സി.പി.എമ്മിന് ഇത്തവണ അവരുടെ അടവുനയം വിജയിപ്പിക്കാനായില്ല. അതുകൊണ്ടാണ് സാമുദായിക സംഘടനകൾക്കെതിരേ മുഖ്യമന്ത്രി ഇപ്പോൾ സംസാരിക്കുന്നത്.

വിശ്വാസികൾക്കൊപ്പം നില്ക്കുകയും ജനാധിപത്യ മാർഗ്ഗത്തിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിച്ചത്. ഇക്കാര്യത്തിൽ സ്ഥായിയായ നിലപാട് സ്വീകരിക്കുകയും സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹർജി നല്കുകയും ചെയ്തു. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നിരുന്നെങ്കിൽ ശബരിമല വിഷയത്തിൽ നിശ്ചയമായും നിയമനിർമ്മാണം കൊണ്ടുവരുമായിരുന്നു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ വിശ്വാസികൾക്ക് അനുകൂലമായ സത്യവാങ്മൂലം സുപ്രീംകോടതിയിൽ നല്കിയതാണ് ഈ കേസിലെ വഴിത്തിരിവ്. യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നാൽ നിയമനിർമ്മാണം നടത്തുമെന്ന പ്രഖ്യാപനം ഇതിനോട് ചേർത്തുവായിക്കണം.

ശബരിമല വിഷയത്തിൽ വിശ്വാസികളോടൊപ്പം നിൽക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇനിയെങ്കിലും തയാറാകണം. സർക്കാർ മനസ്സുവച്ചാൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകും. വർഗ്ഗീയ ചേരിതിരിവുണ്ടാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മതേതര കേരളം നല്കിയ താക്കീതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലമെന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവർ തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.