വർക്കല: ഗാന്ധിയൻ മാതൃകയിൽ ഒരു രണ്ടാം സ്വാതന്ത്റ്യസമരം അനിവാര്യമായിരിക്കുകയാണെന്നും അതുവഴി മാത്രമേ ഭാരതം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാവൂ എന്നും മന്ത്റി കടന്നപ്പളളി രാമചന്ദ്രൻ പറഞ്ഞു. ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കല തിരുവാമ്പാടി റിസോർട്ടിൽ ആരംഭിച്ച ദ്വിദിന നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ ഗാന്ധിജിയെ ആദരിക്കുകയും ഗാന്ധിയൻ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുമ്പോൾ ജന്മനാടായ ഭാരതത്തിൽ ചില ദുഷ്ടശക്തികളിൽ ഗാന്ധിജിയെ നിന്ദിക്കുന്ന പ്രവണത കണ്ടുവരുന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്നും മന്ത്റി പറഞ്ഞു. ആർ.അഭിരാമി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.ജോയി.എം.എൽ.എ, ഡോ. എ.നീലലോഹിതദാസൻനാടാർ, ചാച്ചാ ശിവരാജൻ, ജമീലാപ്രകാശം, അഡ്വ. എസ്.ഫിറോസ് ലാൽ, പ്രൊഫ.തോമസ്, വല്ലൂർരാജീവ്, സജീർ രാജകുമാരി, അരുവിക്കര ബാബു, കിളിമാനൂർ പ്രസന്നൻ, നെല്ലിമൂട് പ്രഭാകരൻ, വി.സുധാകരൻ എന്നിവർ സംസാരിച്ചു. മഹാത്മാഗാന്ധിയുടെ സാമ്പത്തികവീക്ഷണം എന്ന വിഷയത്തിൽ ഡോ.വർഗീസ്ജോർജും, വ്യക്തിത്വ വികസനത്തെക്കുറിച്ച് താഹിന ടീച്ചറും ഗാന്ധിജിയും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ അജിത്ത് വെണ്ണിയൂരും ക്ലാസെടുത്തു. പ്രൊഫ. ജി.ബാലചന്ദ്രൻ, ജമീലാപ്രകാശം എന്നിവർ കുട്ടികളുമായി അഭിമുഖം നടത്തി. സമാപന സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2 ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും.