gold-smuggling-trivandrum

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിലെ ഇടനിലക്കാരൻ, തിരുവനന്തപുരം തിരുമല സ്വദേശി പ്രകാശ് തമ്പി ആറുതവണയായി 25 കിലോയിലേറെ സ്വർണം കടത്തിയെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) കണ്ടെത്തി. കഴിഞ്ഞ നവംബർ മുതലാണ് പ്രകാശ് ദുബായിൽ പോയിത്തുടങ്ങിയത്. ദുബായിലേക്ക് വിദേശകറൻസിയും കടത്തിയിട്ടുണ്ട്. പ്രതിമാസം മുപ്പതിനായിരം രൂപ ശമ്പളത്തിൽ തലസ്ഥാനത്തെ ഐ.ടി കമ്പനിയിൽ ജോലിചെയ്തിരുന്ന പ്രകാശ് അധികവരുമാനം ലക്ഷ്യമിട്ടാണ് സ്വർണക്കടത്ത് സംഘത്തിനൊപ്പം ചേർന്നത്.

സ്വർണം കടത്തിയതിന് എത്ര പ്രതിഫലം ലഭിച്ചെന്നോ അത് എങ്ങനെ വിനിയോഗിച്ചെന്നോ അന്വേഷണസംഘത്തോട് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. ഡി.ആർ.ഐ സംഘം ഇയാളുടെയും ചില അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ പരിശോധിച്ചെങ്കിലും പണമോ സ്വർണമോ ലഭിച്ചില്ല. ഹവാല നിക്ഷേപങ്ങളായി ഇത് സുരക്ഷിതമാക്കിയിട്ടുണ്ടാകാമെന്നാണ് ഡി.ആർ.ഐയുടെ നിഗമനം.

സ്വർണക്കടത്തിലെ മുഖ്യപ്രതി അഡ്വ.ബിജുവിന്റെയും സഹായി വിഷ്ണുവിന്റെയും സുഹൃത്താണ് പ്രകാശ് തമ്പി. വിദേശത്തുനിന്ന് സ്ത്രീകളടക്കമുള്ള കടത്തുകാർ കൊണ്ടുവരുന്ന സ്വർണം ശേഖരിക്കാൻ ഇയാൾ പലതവണ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. കടത്തിക്കൊണ്ടുവരുന്ന സ്വർണം കിഴക്കേകോട്ടയിലെ ജുവലറിയിൽ എത്തിച്ചിരുന്നതും പ്രകാശാണെന്ന് ഡി.ആർ.ഐ പറഞ്ഞു. ജുവലറി മാനേജർ ഹക്കീം, ഉടമ മുഹമ്മദാലി എന്നിവർ ഒളിവിലാണ്. കേസിൽ ഇതര സംസ്ഥാനക്കാരായ രണ്ടു കസ്​റ്റംസ് ഉദ്യോഗസ്ഥർ കൂടി അറസ്​റ്റിലായേക്കും. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഡി.ആർ.ഐ ശേഖരിക്കുകയാണ്. മേയ് 13നാണ് 25 കിലോ സ്വർണവുമായി തിരുമല സ്വദേശി കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാർ (45), കഴക്കൂട്ടം സ്വദേശി സെറീന (42) എന്നിവരെ ഡി.ആർ.ഐ അറസ്​റ്റ് ചെയ്തത്.