തിരുവനന്തപുരം:വിദ്യാഭ്യാസ മേഖലയിൽ കനത്ത പ്രത്യാഘാതം സൃഷ്ടിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ യു.ഡി.എഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ യോഗം ഇന്ന് കന്റോൺമെന്റ് ഹൗസിൽ ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ഈ വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയം കൊണ്ടുവരികയും ഭാഗികമായി മാത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായി ശബ്ദം ഉയർത്തുകയും ചെയ്തിട്ടും അതെല്ലാം അവഗണിച്ച് റിപ്പോർട്ട് നടപ്പാക്കാനാണ് ശ്രമിക്കുന്നത്. നിരവധിമാനേജ്മെന്റുകൾ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അദ്ധ്യാപക സംഘടനകളുമായി ചർച്ച നടത്തി ഒരു സമവായത്തിലെത്താനും സർക്കാരിന് കഴിഞ്ഞിട്ടില്ല. നിയമ സഭയിൽ അംഗത്വമുള്ള എല്ലാ കക്ഷികളുടെയും യോഗം വിളിച്ച് ചേർക്കാനും സർക്കാർ തയ്യാറായില്ല. തികച്ചും രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തി സി .പി .എം അദ്ധ്യാപക സംഘടനയായ കെ .എസ് .ടി .എ തയ്യാറാക്കിയ റിപ്പോർട്ട് ഖാദർ കമ്മിറ്റി റിപ്പോർട്ട് എന്ന പേരിൽ അവതരിപ്പിക്കുകയായിരുന്നു. ഈ നീക്കത്തെ പ്രതിരോധിച്ചില്ലെങ്കിൽ വിദ്യാഭ്യാസമേഖല പൂർണ്ണമായി തകരുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.