തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമായ തലശേരിയിൽ ജനിച്ച് ബി.ജെ.പിയുടെ കരുത്തനായി വളർന്ന വി. മുരളീധരൻ കേന്ദ്രമന്ത്രിയാകുന്നത് കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തിയ സംഘടനാമികവിനുള്ള അംഗീകാരമാണ്.
മികച്ച സംഘാടകൻ എന്ന നിലയിൽ പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്റെയും ആർ.എസ്.എസ് നേതൃത്വത്തിന്റെയും വിശ്വസ്തനാണ് മുരളീധരൻ. സംസ്ഥാന അദ്ധ്യക്ഷ പദവി ഒഴിഞ്ഞപ്പോൾ തന്നെ മുരളീധരനെ പുതിയ നിയോഗം ഏൽപ്പിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. അതിനായി മഹാരാഷ്ട്രയിൽ നിന്ന് മുരളീധരനെ രാജ്യസഭാംഗമാക്കുകയായിരുന്നു.
ബി.ജെ.പിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പിയിലൂടെയാണ് മുരളീധരൻ രാഷ്ട്രീയത്തിലെത്തിയത്. തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാപ്രമുഖ്, എന്നീ പദവികളിലൂടെ വളർന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ദേശീയ ജനറൽ സെക്രട്ടറിയുമായി.
ദേശീയതലത്തിൽ ശ്രദ്ധേയനായ ബി.ജെ.പിയുടെ അപൂർവം മലയാളി നേതാക്കളിലൊരാളാണ് മുരളീധരൻ. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ 1981ൽ തലശേരി ആർ.എസ്.എസ് - സി.പി.എം സംഘർഷത്തിന്റെ പേരിൽ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന മുരളീധരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു. ഇതിനെതിരെ ഡൽഹി കേരളഹൗസിൽ എ.ബി.വി.പി ഡൽഹി സെക്രട്ടറി മദൻഭാട്ടിയയുടെ നേതൃത്വത്തിൽ നായനാരെ തടഞ്ഞുവച്ചത് വിവാദമായി. അതോടെയാണ് മുരളീധരൻ ദേശീയ ശ്രദ്ധ നേടിയത്. പിന്നീട് സർക്കാർ ജോലി രാജിവച്ച് മുഴുവൻ സമയ പ്രവർത്തകനായി. 87മുതൽ മൂന്ന് വർഷം എ.ബി.വി.പി അഖിലേന്ത്യാ സെക്രട്ടറിയും 1994 മുതൽ രണ്ട് വർഷം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായി. പ്രവർത്തനകേന്ദ്രം മുംബയ് ആയിരുന്നു. 1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സെൻട്രൽ ഇലക്‌ഷൻ കൺട്രോൾ റൂമിന്റെ ചുമതല വഹിച്ചിരുന്ന വെങ്കയ്യനായിഡുവിന്റെ സഹായിയായി. പിന്നീട് ബി.ജെ.പിയുടെ ദേശീയ നേതാക്കളായി വളർന്ന ധർമ്മേന്ദ്ര പ്രധാൻ, എച്ച്.എൻ.അനന്തകുമാർ, ജെ.പി.നഡ്ഡ, ചന്ദ്രകാന്ത് പാട്ടീൽ തുടങ്ങിയവർ അന്ന് മുരളീധരന്റെ സഹപ്രവർത്തകരായിരുന്നു. ആർ.എസ്.എസ് ദേശീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ട്.
1998ൽ വാജ്‌പേയി സർക്കാരിന്റെ കാലത്ത് നെഹ്റു യുവ കേന്ദ്രയുടെ ദേശീയ വൈസ് ചെയർമാനും പിന്നീട് ഡയറക്ടർ ജനറലുമായി. 2004ൽ ബി.ജെ.പിയുടെ പരിശീലനവിഭാഗം ദേശീയ കൺവീനറായി. ബാൽ ആപ്തേയുടെ ഉപദേശമനുസരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ മുരളീധരൻ 2006ൽ പി.കെ.കൃഷ്ണദാസ് പ്രസിഡന്റായിരുന്നപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റും 2009ൽ സംസ്ഥാന പ്രസിഡന്റുമായി. 2015ൽ സ്ഥാനത്തുനിന്ന് മാറേണ്ടിവന്നു. കാസർകോടു മുതൽ തിരുവനന്തപുരംവരെ 45 ദിവസം കാൽനടയാത്ര നടത്തി ബി.ജെ.പിക്കു ബൂത്ത് കമ്മിറ്റികൾ ഉണ്ടാക്കിയ മുരളീധരൻ, കേരളത്തിൽ ബി.ജെ.പിക്കു മേൽവിലാസമുണ്ടാക്കിയ ശേഷമാണ് അദ്ധ്യക്ഷ പദവി കുമ്മനം രാജശേഖരനു കൈമാറിയത്. 2009ൽ കോഴിക്കോട്ടു നിന്ന് ലോക്‌സഭയിലേക്കും 2016ൽ കഴക്കൂട്ടത്തു നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. 2015ൽ തദ്ദേശ തിരഞ്ഞെടുപ്പിലും 2014ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ നയിച്ച മുരളീധരൻ പാർട്ടിയുടെ വോട്ട് വിഹിതം രണ്ടക്കത്തിലെത്തിച്ചു.
തലശ്ശേരി വണ്ണത്താൻ വീട്ടിൽ ഗോപാലന്റെയും നമ്പള്ളി വെള്ളാംവെള്ളി ദേവകിയുടെയും മകനായി 1958ൽ ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. ഭാര്യ ഡോ. കെ.എസ്. ജയശ്രീ കോളേജ് അദ്ധ്യാപികയാണ്.