പാറശാല: ആറയൂരിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന കേസിലെ ഒന്നും രണ്ടും പ്രതികളായ ഷാജി, പല്ലൻ അനി എന്നിവർ പൊലീസിന്റെ വലയിലായതായി സൂചന. കഴിഞ്ഞമാസം 23 നാണ് ആറയൂർ കെ.വി ഭവനിൽ വിനുവിന്റെ (41) മൃതദേഹം കേസിലെ ഒന്നാം പ്രതിയായ ആറയൂർ കടമ്പാട്ടുവിള ഷാജിയുടെ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ഷാജിയുടെ വീട്ടിൽ വച്ചാണ് ഷാജിയുടെ സുഹൃത്തും സമീപവാസിയുമായ വിനു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷാജിയുടെ സഹായികളും കേസിലെ രണ്ടും മൂന്നും പ്രതികളും സമീപ വാസികളുമായ ദീപേന്ദ്രകുമാർ, പത്മഗിരീഷ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നെങ്കിലും പ്രധാന പ്രതികളായ ഷാജി, പല്ലൻ അനി എന്നിവർ കേരളത്തിലും തമിഴ്നാട്ടിലുമായി പൊലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു. പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്ന കേസാണ് പ്രതികൾ പിടിയിലായതോടെ ആശ്വാസത്തിന് വകയായത്.