തിരുവനന്തപുരം: രോഗികൾ ക്യൂവിൽ നിൽക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാരെ സ്വാധീനിച്ച് ഒ.പി ടിക്കറ്റെടുക്കുന്നുവെന്ന പരാതിക്ക് എസ്.എ.ടിയിൽ പരിഹാരമായി. ടോക്കൺ നൽകിയ അഞ്ച് രോഗികളെ ഡോക്ടർ പരിശോധിച്ചതിന് ശേഷമേ ടോക്കൺ നൽകിക്കഴിഞ്ഞ ഒരു ജീവനക്കാരന് അവസരം നൽകാവൂയെന്നാണ് നിർദേശം. വിവിധ ജില്ലകളിൽ നിന്നുപോലും കഴിവതും നേരത്തെ ചികിത്സ ലഭിക്കാനായി തലേദിവസം തന്നെ രോഗികൾ എത്തുകയും ലോഡ്ജുകളിൽ മുറിയെടുത്തു താമസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഏതാനും ജീവനക്കാരെ ഉപയോഗിച്ച് ചിലർ കാലേകൂട്ടി തന്നെ ടോക്കൺ എടുത്തുവയ്ക്കുന്നതിനാൽ രോഗികൾ എത്രനേരത്തെ വന്നാലും ചികിത്സ വൈകുന്ന അവസ്ഥയുണ്ടാവുന്നു എന്നായിരുന്നു പരാതി. രോഗികളുടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാനാണ് അഞ്ചുരോഗികളെ പരിശോധിച്ച ശേഷമേ ഒരു ജീവനക്കാരന് അവസരം നൽകാൻ നടപടി സ്വീകരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ അറിയിച്ചു. ആശുപത്രിക്കെതിരെ നിരന്തരം ഉയർന്നുവരുന്ന പരാതികളിലൊന്നായിരുന്നു ജീവനക്കാരുടെ പേരിലുള്ള ഈ ആക്ഷേപം. സുരക്ഷ ജീവനക്കാർക്കെതിരെ ഉയരുന്ന മറ്റു പരാതികളും പരിഹരിക്കാൻ നടപടിയായി. അടുത്തിടെ മദ്യപിച്ചെത്തിയ സുരക്ഷാജീവനക്കാരനെ പിരിച്ചുവിടുകയും അമ്മയെക്കൊണ്ട് കുഞ്ഞിന്റെ ഛർദ്ദിൽ തുടപ്പിച്ച ജീവനക്കാരനെ താക്കീതു നൽകുകയും ചെയ്തു. ആരോപണവിധേയനായ സുരക്ഷാജീവനക്കാരൻ പൊതുജനസമക്ഷം മാപ്പപേക്ഷിച്ചതിനാലാണ് കൂടുതൽ കടുത്ത നടപടിയെടുക്കാത്തത്. പാസ് തിരിമറി നടത്തിയ ജീവനക്കാരിയെ പാസ് ജോലിയിൽ നിന്ന് മാറ്റിനിറുത്തി പണമിടപ്പാടില്ലാത്ത മറ്റൊരു ജോലി ഏൽപിച്ച് നിരീക്ഷണ വിധേയമാക്കിയിരിക്കുകയാണ്. രോഗിക്കു താത്പര്യമുള്ള യൂണിറ്റിലേക്കു ചികിത്സമാറ്റി നൽകാൻ കൗണ്ടർ ജീവനക്കാരി വിസമ്മതിച്ചു എന്നതാണു മറ്റൊരു പരാതി. ചികിത്സിക്കുന്ന ഡോക്ടറുടെ യൂണിറ്റ് ഇടയ്ക്കുവച്ച് മാറ്റണമെന്ന് രോഗിക്ക് തോന്നിയാൽ അത് വകുപ്പുമേധാവിയുടെ അനുമതിയോടെ മാത്രമേ കഴിയുകയുള്ളൂ. ഡോക്ടർമാരുടെ സ്വകാര്യപ്രാക്ടീസ് നിരോധനസമയത്തു കർക്കശമാക്കിയ തീരുമാനം ഏറെ പ്രയോജനം ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി തുടരാൻ നിർദേശം നൽകിയതെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.