കോവളം: 'റിവൈവ് വെള്ളായണി' ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ. കെ.വാസുകി വവ്വാമൂല കായൽ ബണ്ട് സന്ദർശിച്ചു. സ്വസ്തി ഫൗണ്ടേഷന്റെയും വിവിധ കായൽ സംരക്ഷണ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കളക്ടർ അറിയിച്ചു. അനധികൃത കായൽ കൈയേറ്റം, തീരത്തോട് ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, മാലിന്യം നിക്ഷേപിക്കൽ എന്നിവ മൂലം നശിക്കുന്ന വെള്ളായണിക്കായലിന്റെ വിസ്തൃതിയിലും ജലത്തിന്റെ അളവിലും ശുദ്ധതയിലും ആവശ്യമായ നടപടികൾ സർക്കാരുമായി ആലോചിച്ച് കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സർക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ ധനസഹായമില്ലാതെ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്താലും സംസ്ഥാന ടൂറിസം, ജലവിഭവം വകുപ്പുകളുടെ സഹകരണത്താലും ജനകീയമായി നടത്തുന്ന ശുചീകരണ പ്രവർത്തനം സംസ്ഥാനത്തെ ഒരു മാതൃകാ പ്രോജക്ടായി മാറുമെന്നും കളക്ടർ അറിയിച്ചു. ഇന്നലെ വൈകിട്ട് 4 ഓടെ എത്തിയ കളക്ടർ ഒരു മണിക്കൂറോളം കായൽ ബണ്ടിൽ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എ.ബി.ജോർജ്, കായൽ ശുചീകരണ സമിതി ചെയർമാൻ ആർ.എസ്. ശ്രീകുമാർ, നീർത്തടാകം ഭാരവാഹികളായ കിരൺ, അജു. ടി, വിജയൻ, ശ്രീകല, ജോളി, ജയകുമാരി, ജിനു, ആദർശ്, ദീപു, മോഹൻ പിള്ള തുടങ്ങിയവർ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.