തിരുവനന്തപുരം: സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പോളിടെക്‌നിക്കുകളിലെ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ക്രമക്കേടുകളെന്ന് ആരോപണം. ചട്ടങ്ങളെ പാടേ അവഗണിച്ചും കോടതി ഉത്തരവുകളെ വകവയ്ക്കാതെയുമാണ് സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കിയിട്ടുള്ളത്. സ്വന്തം ആൾക്കാരെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ പ്രതിഷ്ഠിക്കാൻ ബന്ധപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ നിയമവ്യവസ്ഥയെ തകിടം മറിക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം.
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ എ.ഐ.സി.ടി.ഇ അംഗീകാരം പുനസ്ഥാപിക്കാൻ അധികമായി നാല് ലക്ചറർ പോസ്റ്റുണ്ടാക്കി. എന്നാൽ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുണ്ടാക്കിയ നാലിൽ മൂന്ന് പോസ്റ്റുകളും അനധികൃതമാണെന്ന് സർക്കാർ കണ്ടെത്തി. ആ ഒഴിവുകൾ ആവശ്യമുള്ള മറ്റു പോളിടെക്‌നിക്കുകളിലേക്ക് മാറ്റാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ട്രാൻസ്‌ഫറിനുള്ള
സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ ഓരോ ഡിപ്പാർട്ട്മെന്റിൽനിന്നും യൂണിയന് താത്പര്യമില്ലാത്ത മൂന്ന് പേരെ മാറ്റുകയാണുണ്ടായത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഇറങ്ങിയ ഉത്തരവുകളിലെ അപാകതകൾ പരിഹരിക്കാനുള്ള സമയം പോലും നൽകാതെയാണ് ജീവനക്കാരെ നിർബന്ധിച്ച് റിലീവ് ചെയ്യിച്ചത്. ഇതിൽ തൊണ്ണൂറ് ശതമാനത്തിലധികം ഡിസബിലിറ്റിയുള്ള സെൻട്രൽ പോളിടെക്‌നിക്കിലെ ഇലക്ട്രോണിക്സ് വിഭാഗം ലക്ചററെ മാനദണ്ഡങ്ങൾ മറികടന്നാണ് സ്ഥലംമാറ്റിയതെന്ന് മനസിലാക്കി സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചിരുന്നു. എന്നാൽ സി.പി.ടിയിൽ ജോലിക്കെത്തിയ ഇദ്ദേഹത്തിനെ പ്രിൻസിപ്പൽ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല. ഭിന്നശേഷിക്കാരനായ ലക്ചററെ സി.പി.ടിയിൽ നിലനിറുത്താൻ ഡയറക്ടറേറ്റിൽനിന്ന് നൽകിയ നിർദ്ദേശവും പ്രിൻസിപ്പൽ അംഗീകരിച്ചില്ല. ഭിന്നശേഷിക്കാരനായ ലക്ചററുടെ നിവേദനപ്രകാരം ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. കോർട്ട് ഫോർ പേഴ്സൺ വിത്ത് ഡിസബിലിറ്റീസും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലും ഭിന്നശേഷിക്കാരന്റെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ സ്ഥലംമാറ്റത്തിൽ സുതാര്യത പാലിച്ചില്ലെന്നു മാത്രമല്ല സർക്കാർ പിൻവലിച്ച തസ്തികയും നിലനിറുത്തി ശമ്പളം നൽകുന്നുവെന്നാണ് ആരോപണം.