revenue-collection

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വികസന പ്രവർത്തനങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും സ്ഥലം വാങ്ങുമ്പോൾ സ്റ്രാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിന് ധനവകുപ്പ് തടയിട്ടു. ഇത് സംബന്ധിച്ച ഫയൽ മാസങ്ങളായി ധനവകുപ്പിൽ വിശ്രമിക്കുന്നു. സർക്കാർ വരുമാനത്തിൽ കുറവ് വരുമെന്ന കാരണമാണ് പറയുന്നത്.

ഒരു വർഷം മുമ്പാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. തദ്ദേശ സ്ഥാപനങ്ങൾ അപേക്ഷ നൽകിയാൽ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്ത് സ്റ്രാമ്പ് ഡ്യൂട്ടിയും ഫീസും ഒഴിവാക്കുന്നതായിരുന്നു നിലവിലുണ്ടായിരുന്ന രീതി. ഇതിന് ധനവകുപ്പിന്റെ അനുമതി അടക്കം നിരവധി കടമ്പകൾ ഉള്ളതിനാൽ ഉദ്ദേശിക്കുന്ന സമയത്ത് നടപടി പൂർത്തിയാക്കാനാവില്ല. വസ്തുവിന്റെ രജിസ്ട്രേഷനും വൈകും. ഈ പോരായ്മ ഒഴിവാക്കാനായിരുന്നു പുതിയ തീരുമാനം. കളിസ്ഥലങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപിക്കാനാണ് മിക്ക തദ്ദേശസ്ഥാപനങ്ങളും സ്ഥലം വാങ്ങുന്നത്. നികുതി വരുമാനത്തിലൂടെയും സർക്കാർ നൽകുന്ന ഗ്രാന്റ് ഉപയോഗിച്ചുമാണ് തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നത്. സ്റ്രാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയാലും സർക്കാരിന് പ്രത്യേകിച്ച് നഷ്ടമില്ലെന്നർത്ഥം.

മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ധനവകുപ്പ് അനുകൂല തീരുമാനമെടുത്താലേ രജിസ്ട്രേഷൻ വകുപ്പിന് വിജ്ഞാപനമിറക്കാനാവൂ. ഉത്തരവിറങ്ങിയാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെല്ലാം ഇത് പ്രയോജനപ്രദമാവും.

വസ്തു വാങ്ങുന്ന വിലയുടെ 8 ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. രജിസ്ട്രേഷൻ ഫീസ് 2 ശതമാനം.