പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ഓട്ടുപാലം കുക്കിരി എന്നീ പ്രദേശങ്ങളുടെ നാനൂറ് മീറ്റർ മാറി രണ്ട് പൈപ്പുലൈനുകളാണ് കടന്നുപേകുന്നത്. എന്നിട്ടും ഇവിടുത്തെ ജനങ്ങൾ ഒരിറ്റ് കുടിനീരിനായി നെട്ടോട്ടമോടുകയാണ്. ക്ഷീരകർഷകരും പച്ചക്കറി കൃഷിക്കാരും അടക്കം തിങ്ങിവസിക്കുന്ന പ്രദേശത്ത് മുപ്പതോളം കിണറുകളാണ് ആശ്രയം. പക്ഷെ, കനത്ത വെറിയിൽ ഈ കിണറുകൾ മാത്രമല്ല, പ്രദേശത്തെ പ്രധാന നീരൊഴുക്കായ പച്ച തോടും വറ്റിവരണ്ടു. ഇതോടെ, വസ്ത്രങ്ങൾ അലക്കാനും കുളിക്കാനും നിവൃത്തിയില്ലാത്ത അവസ്ഥയായി. പ്രാഥമിക കൃത്യങ്ങൾക്ക് പോലും അര കിലോമീറ്റർ അകലെയുള്ള പച്ച ജംഗ്ഷനിലെ പൊതു ടാപ്പിൽ നിന്ന് കന്നാസുകളിൽ വെള്ളം തലച്ചുമടായി കൊണ്ടുവരണം. ഓട്ടുപാലം വരെ വന്നു നിൽക്കുന്ന പൈപ്പ് ലൈൻ പച്ചയിലേക്ക് നീട്ടിയാൽ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകും. ഇത് സംബന്ധിച്ച് പ്രദേശവാസികൾ ഗ്രാമ പഞ്ചായത്തിനും വാട്ടർ അതോറിട്ടിക്കും കൂട്ടനിവേദനം നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകാത്തതിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
വെള്ളം വേണമെങ്കിൽ...
പഞ്ചായത്തിലെ അറിയപ്പെടുന്ന ക്ഷീരകർഷക മേഖലയായ പച്ചയിൽ നിരവധി കുടുംബങ്ങളുടെ പ്രധാന ഉപജീവന മാർഗമാണ് പശുവളർത്തൽ. കാലികളെ നനയ്ക്കാനും പച്ചക്കറി വിളകൾക്ക് വെള്ളം നനയ്ക്കാനും കഴിയാതെ നട്ടം തിരിയുകയാണ് നാട്ടുകാർ. പട്ടികജാതി വിഭാഗത്തിലെ പത്ത് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പടെയുള്ളവർ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. രാവിലെ ജോലിക്ക് പോകുന്നതിന് മുൻപും രാത്രി തിരിച്ച് വന്നതിനുശേഷവും സ്ത്രീകളും കുട്ടികളും ചേർന്ന് കന്നാസുകളിൽ വെള്ളം ശേഖരിക്കുകയാണ് പതിവ്.
1. സമീപത്തെ പൈപ്പ്ലൈനിൽ എത്തുന്നത് പാലോട് ആറ്റുകടവ് പമ്പിംഗ് സ്റ്റേഷനിലെ വെള്ളം
2. കുന്നിൻപ്രദേശമായ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ശുദ്ധജല സംഭരണി
3. ഓട്ടുപാലത്തും കുക്കിരിയിലും പൈപ്പ്ലൈൻ നാട്ടിയാൽ വെള്ളമൊഴുക്ക് കുറയില്ലെന്ന് വാട്ടർ അതോറിട്ടി
4. എന്നാൽ പൈപ്പ്ലൈനുള്ള ഫണ്ട് പഞ്ചായത്ത് അനുവദിക്കണം
5. അതിന് ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് നാട്ടുകാർ
ആശങ്കയിൽ ജനം
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി പച്ച മുടുമ്പ് മുതൽ കിടാരക്കുഴി വരെ എട്ടു മീറ്റർ വീതിയിൽ പുതിയ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇത് പൂർത്തിയായിക്കഴിഞ്ഞാൽ പൈപ്പ് ലൈൻ ദീർഘിപ്പിക്കൽ സ്വപ്നമായി അവശേഷിക്കുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്. ആധുനിക രീതിയിൽ നിർമ്മിക്കുന്ന റോഡ് വെട്ടിപ്പൊളിക്കുന്നത് എളുപ്പമായിരിക്കില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഈ സാഹചര്യം അധികൃതരെ ബോദ്ധ്യപ്പെടുത്താൻ സമര രംഗത്ത് ഇറങ്ങാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.
പ്രതികരണം
-------------------
ശുദ്ധജലത്തിനായി ഓട്ടുപാലം, കുക്കിരി നിവാസികൾ പരക്കം പായുന്ന അവസ്ഥയാണുള്ളത്. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പൈപ്പ് ലൈൻ ദീർഘിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ പഞ്ചായത്തധികൃതർ ഇപ്പോൾ മൗനത്തിലാണ്. ഇത് പ്രതിഷേധാർഹമാണ്
---എസ്.എസ്. ബാലു (പൊതുപ്രവർത്തകൻ)