തിരുവനന്തപുരം: ജലത്തിന്റെ മൂല്യം തിരിച്ചറിയുകയും അതിനെ ശുദ്ധമായി സംരക്ഷിക്കുകയും ചെയ്യുന്ന വിധം നമ്മുടെ മനോഭാവം മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച 'ജലസംഗമ"ത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജലസംരക്ഷണം സാദ്ധ്യമായാൽ കൃഷിയിൽ അദ്ഭുതകരമായ മാറ്റമുണ്ടാക്കാം. പ്രളയം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കൃഷി തിരിച്ചുപിടിച്ച് കാർഷികമേഖലയിൽ സ്വയം പര്യാപ്‌തതമാക്കുകയാണ് ലക്ഷ്യം. ഉറവിട മാലിന്യസംസ്‌കരണത്തിനൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനകീയ ജലസംരക്ഷണ അനുഭവങ്ങൾ ചേർത്തൊരുക്കിയ പുസ്‌തകം 'തെളിനീരിന്റെ വിജയഗാഥ"യുടെ പ്രകാശനം മന്ത്രി എ.സി. മൊയ്‌തീൻ ജെയിംസ് മാത്യൂ എം.എൽ.എയ്‌ക്ക് നൽകി നിർവഹിച്ചു. ഹരിതകേരളം മിഷൻ പുറത്തിറക്കിയ 'ഹരിതദൃഷ്ടി" മൊബൈൽ ആപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പ്രകാശനം ചെയ്‌തു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി.കെ. പ്രശാന്ത്, എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, ജെയിംസ് മാത്യു, ഐ.ബി. സതീഷ്, മേയേഴ്‌സ് കൗൺസിൽ പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ, മുനിസിപ്പൽ ചെയർമാൻസ് ചേംബർ ചെയർമാൻ വി.വി. രമേശൻ, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ. സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. തുളസീഭായ്, നവകേരളം കർമപദ്ധതി കോ - ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഹരിതകേരളം മിഷൻ കൺസൾട്ടന്റ് എബ്രഹാം കോശി തുടങ്ങിയവർ പങ്കെടുത്തു.