തിരുവനന്തപുരം: രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ വി. മുരളീധരൻ പ്രവേശിച്ചത്, സംസ്ഥാന ബി.ജെ.പിയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ഗുണപരമായ പുതിയ ചലനങ്ങൾ സൃഷ്ടിക്കും. സംസ്ഥാന ഘടകത്തെ സംഘടനാമികവിലേക്ക് പിടിച്ചുയർത്തുന്നതിൽ പ്രബലമായ പങ്ക് വഹിച്ച സംസ്ഥാന അദ്ധ്യക്ഷനായിരുന്ന വി. മുരളീധരൻ, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ടത്. പിന്നീടിങ്ങോട്ട് ദേശീയതലത്തിലേക്ക് ചുവട് മാറ്റിയ മുരളീധരൻ സംസ്ഥാന പാർട്ടിയുടെ ദൈനംദിന ഇടപെടലുകളിൽ സജീവമല്ലായിരുന്നു. പുതിയ സ്ഥാനലബ്ധിയോടെ സംസ്ഥാനഘടകത്തിൽ വീണ്ടും സ്വാധീനമുയരും. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ആന്ധ്രയുടെ ചുമതലയിലായിരുന്നു അദ്ദേഹം.
സംഘാടനാമികവും ബി.ജെ.പി ദേശീയതലത്തിലുള്ള സ്വാധീനവും രാജ്യസഭാ എം.പി സ്ഥാനവുമാണ് കേന്ദ്രമന്ത്രിസഭയിലേക്ക് അദ്ദേഹത്തിന് വഴി തുറന്നത്. വാജ്പേയ് മന്ത്രിസഭയുടെ കാലത്ത് ഉമാഭാരതി ചെയർപേഴ്സൺ ആയിരുന്ന നെഹ്റു യുവകേന്ദ്രയിൽ വൈസ് ചെയർമാനായിരുന്നു മുരളീധരൻ. ഒന്നാം മോദി മന്ത്രിസഭയിൽ പെട്രോളിയം ചുമതല വഹിച്ച ധർമ്മേന്ദ്രപ്രധാൻ അടക്കമുള്ളവർ മുരളീധരനൊപ്പം അതിന്റെ ഭരണസമിതിയംഗമായിരുന്നു. പിന്നീട് കേന്ദ്ര ജോയിന്റ് സെക്രട്ടറി പദവിയിൽ നെഹ്റു യുവകേന്ദ്രയുടെ ഡയറക്ടർ ജനറലായി മുരളീധരനെ നിയോഗിച്ചു. റിപ്പബ്ലിക് ദിനത്തിന്റെ അമ്പതാം വാർഷികാഘോഷ സംഘാടകസമിതിയിൽ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയ് ചെയർമാനായിരുന്നപ്പോൾ കൺവീനറായിരുന്നു മുരളീധരൻ. അന്നേ സംഘാടകമികവിൽ മുരളീധരൻ ദേശീയ പാർട്ടിക്കുള്ളിൽ ശ്രദ്ധേയനായിരുന്നു.
അതിന്റെ തുടർച്ചയായാണ് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷപദവിയിലേക്ക് മുരളീധരനെത്തിയത്. ബി.ജെ.പിയെ ബൂത്ത്തലം മുതൽ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകിയ മുരളീധരന്റെ കാലത്താണ് കേരളത്തിൽ പാർട്ടി സംഘടനാപരമായി ഏറെ മുന്നേറിയത്. വോട്ടുകച്ചവടം ചെയ്യുന്ന പാർട്ടിയെന്ന പഴി ഇല്ലാതാക്കിയതും മുരളീധരൻ വന്നശേഷമായിരുന്നു.
എന്നാൽ, സംസ്ഥാന പാർട്ടി നേതൃത്വത്തിലെ ചേരിതിരിവും അതുണ്ടാക്കിയ ശീതയുദ്ധവും ദേശീയനേതൃത്വത്തിൽ അതൃപ്തി വിതച്ചപ്പോഴാണ് അപ്രതീക്ഷിതമായി മുരളീധരൻ ഒഴിവാക്കപ്പെട്ടത്. സംസ്ഥാന ആർ.എസ്.എസ് നേതൃത്വത്തിലെ ചിലരുടെ താത്പര്യം കൂടിയാണ് അന്നത്തെ നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന ആക്ഷേപവുമുണ്ടായി. പിന്നീടിങ്ങോട്ട് സംസ്ഥാന ബി.ജെ.പിയുടെ തലപ്പത്ത് നടത്തിയ പരീക്ഷണങ്ങളൊന്നും വേണ്ടത്ര ഫലപ്രദമായില്ല. മുരളീധരന് പകരമെത്തിയ കുമ്മനം രാജശേഖരൻ സംഘപരിവാറിൽ ഏറെ സ്വീകാര്യനായിരുന്നെങ്കിലും മുഖ്യധാരാരാഷ്ട്രീയത്തിൽ മുമ്പ് സജീവമല്ലാതിരുന്നതിനാലാകാം പാർട്ടി അദ്ധ്യക്ഷപദവിയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹത്തെ നീക്കി. പിന്നീട് നീണ്ട കാത്തിരിപ്പിനുശേഷമാണ് പി.എസ്. ശ്രീധരൻപിള്ള അദ്ധ്യക്ഷപദവിയിലെത്തിയത്. മുരളീധരപക്ഷക്കാരനായ കെ. സുരേന്ദ്രന്റെ പേര് പ്രചരിക്കപ്പെട്ടെങ്കിലും തഴയപ്പെട്ടു.
ഏറ്റവുമൊടുവിൽ ശബരിമല വിവാദത്തിൽ അനുകൂല സാഹചര്യമുണ്ടായിട്ടും അത് മുതലെടുക്കാനായില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണരംഗം പൂർണമായും ആർ.എസ്.എസ് നിയന്ത്രണത്തിലായിട്ടും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. ഇതിനെതിരെയുള്ള മുറുമുറുപ്പ് ബലപ്പെടുന്നതിനിടെയാണ് മുരളീധരൻ കേന്ദ്രമന്ത്രിയായത്.
അഖിലേന്ത്യാ നേതൃത്വത്തിന്റെ പ്രതീക്ഷ
ഒന്നാം മോദി മന്ത്രിസഭയിൽ അംഗമായിരുന്ന അൽഫോൺസ് കണ്ണന്താനത്തിന്റെയും രാജ്യസഭാ എം.പിയായിരുന്ന സുരേഷ്ഗോപിയുടെയും പേരുകൾ പുതിയ മന്ത്രിസഭയിലേക്ക് അഭ്യൂഹങ്ങളായി പ്രചരിക്കപ്പെട്ടെങ്കിലും മുരളീധരനാണ് ജാതകം തെളിഞ്ഞത്. മിസോറാം ഗവർണർ പദവിയൊഴിഞ്ഞ് തിരുവനന്തപുരത്ത് മത്സരിക്കാൻ നിയോഗിക്കപ്പെട്ട കുമ്മനം രാജശേഖരന്റെ പേരും പ്രചരിച്ചിരുന്നു. മുരളീധരനെ മന്ത്രിയാക്കുകവഴി കേരളത്തിൽ വലിയ രാഷ്ട്രീയസാദ്ധ്യതകൾ ബി.ജെ.പി അഖിലേന്ത്യാനേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. 2024 ൽ അവർ ലക്ഷ്യമിടുന്ന മുഖ്യ സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.