തിരുവനന്തപുരം: ദാരിദ്ര്യം കൂട്ടായിരുന്ന കാലത്ത് ഉറ്റ ചങ്ങാതിയായിരുന്ന ചേർത്തല ഗോവിന്ദൻകുട്ടിയെ വീണ്ടും അടുത്തുകണ്ടപ്പോൾ ഗാനഗന്ധർവന്റെ മനസ് നിറഞ്ഞു. ഗോവിന്ദൻകുട്ടിയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഇടപ്പഴഞ്ഞിയിലെ തരംഗനിസരി സംഗീത വിദ്യാലയമാണ് ഈ അസുലഭ സാന്നിദ്ധ്യത്തിന് വേദിയായത്. വിദ്യാലയത്തിന്റെ 43-ാം വാർഷികാഘോഷമായിരുന്നു ഇന്നലെ.
യേശുദാസ് വരുന്നുവെന്ന് അറിഞ്ഞപ്പോഴാണ് സഹപാഠിയും സംഗീതാദ്ധ്യാപകനുമായ ഗോവിന്ദൻകുട്ടി പ്രായത്തിന്റെ അവശതകൾ മറന്ന് ചേർത്തലയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയത്. ഇരുവരും ഇടയ്ക്ക് ഫോണിൽ വിശേഷം തിരക്കാറുണ്ടെങ്കിലും നേരിട്ടു കണ്ടുമുട്ടുന്നത് അപൂർവം.
തൃപ്പൂണിത്തുറ എൽ.സി അക്കാഡമിയിൽ സംഗീതം പഠിക്കാൻ ചെന്നപ്പോൾ കിട്ടിയ ഏറ്റവും നല്ല കൂട്ടുകാരനായിരുന്നു ഗോവിന്ദൻകുട്ടിയെന്ന് യേശുദാസ് ഓർമ്മിച്ചു. രണ്ടുപേർക്കും സംഗീതത്തിനോട് അദമ്യയായ പ്രേമം. കൂടെയുള്ളത് തീരാത്ത ദാരിദ്ര്യം. അന്ന് ഒരു വീടിന്റെ കൊപ്ര ഉണക്കാനിടുന്ന മച്ചിൽ രണ്ടു രൂപ വാടകയ്ക്ക് ചെറിയൊരിടത്ത് ചെറിയ പാ വിരിച്ച് ഇരുവരും കിടന്നു. ഭക്ഷണം കഴിക്കാത്ത ദിവസങ്ങളായിരുന്നു മിക്കതും. സംഗീതത്തിനെപ്പറ്റിയുള്ള ദുഃഖങ്ങൾ ഒന്നിച്ചനുഭവിച്ചു. അതിന്റെയൊരു സുഖം എന്നും ഓർത്തുകൊണ്ടാണ് ഒരിക്കലും വഴക്കുകൂടാതെ, ഓർമ്മകളെ എന്നും നശിപ്പിക്കാതെ ഗോവിന്ദൻകുട്ടിയും താനും ഇന്നും കൂട്ടുകാരായി തുടരുന്നതെന്ന് ഗാനഗന്ധർവൻ പറഞ്ഞപ്പോൾ സദസിൽ നിലയ്ക്കാത്ത കൈയടി. ആത്മമിത്രങ്ങളുടെ മുഖത്ത് ഓർമ്മയുടെ മങ്ങാത്ത തെളിച്ചം.
സംഗീതം അത്ര നിസാരമായിട്ട് കിട്ടുന്നതല്ല. സ്വർണം ഉരയ്ക്കുന്നപോലെ ഉരച്ചെടുത്താലേ അതിന്റെ തെളിവ് മനസിലാക്കാൻ പറ്റൂ. അതിന്റെ ഉദാഹരണമാണ് തന്റെ കൂട്ടുകാരൻ യേശുദാസ് എന്ന് ഗോവിന്ദൻകുട്ടി സാക്ഷ്യപ്പെടുത്തി. "പഠിച്ചുകൊണ്ടിരിക്കുന്ന കാലം മുതൽ ആ കഷ്ടപ്പാട് ഞാൻ കാണുന്നുണ്ട്. അദ്ദേഹം ഇന്നും സംഗീതഗ്രന്ഥങ്ങൾ മുന്നിലെടുത്തുവച്ച് പഠിക്കുന്ന വിദ്യാർത്ഥിയാണ്. അതാണ് ഇത്രയും ഉയരത്തിൽ എത്തിച്ചത്.''
ഗോവിന്ദൻകുട്ടി പറഞ്ഞുനിറുത്തിയപ്പോൾ, താൻ തുടക്കമിട്ട സംഗീത വിദ്യാലയത്തിൽ ഇടയ്‌ക്കെല്ലാം വന്ന് അനുഭവവും സംഗീതവും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണമെന്ന് യേശുദാസിന്റെ അഭ്യർത്ഥന. നിറഞ്ഞ ചിരിയോടെ കൂട്ടുകാരന്റെ തലയാട്ടൽ. കൈകൾ കൂട്ടിപ്പിടിച്ച് വീണ്ടും കാണാമെന്ന ഓർമ്മപ്പെടുത്തലോടെ പിരിയുമ്പോൾ ഇരുവർക്കും ഏറെ ചെറുപ്പത്തിന്റെ തിളക്കം.