kerala-university

തിരുവനന്തപുരം : യോഗ്യതയില്ലാത്തവരെ കുത്തിനിറയ്ക്കാനുള്ള വേദികളാക്കി അക്കാഡമിക് സമിതികളെ സർക്കാർ മാറ്റിയതിലൂടെ സർവകലാശാലകളുടെ വിശ്വാസ്യത തകർന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരള യൂണവേഴ്സിറ്റി സ്റ്റാഫ് യൂണിയന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പിനെ രണ്ട് മന്ത്രിമാർക്കായി വീതം വച്ചിട്ടും വിദ്യാഭ്യാസമേഖല കുത്തഴിഞ്ഞ അവസ്ഥയിലാണ്. ഇതിനെതിരെ അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും ഒന്നിച്ചു രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് സോമോൾ ആദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ.പി. അനിൽകുമാർ, എം.വിൻസെന്റ്, കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഡോ.അച്യുത് ശങ്കർ.എസ്.നായർ, എൻ.എൽ. ശിവകുമാർ, റിങ്കു പടിപ്പുരയിൽ, യൂണിയൻ ജനറൽ സെക്രട്ടറി സി.കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വനിതാസമ്മേളനം മുൻ വി.സി ഡോ.ജാൻസി ജെയിംസ് ഉദ്ഘാടനം ചെയ്തു.

വനിതാ വിഭാഗം കൺവീനർ കമലാ കാതോളി അദ്ധ്യക്ഷത വഹിച്ചു. ജ്യോതി വിജയകുമാർ, ഡോ. പ്രേമ, ഡോ.അനു ഉണ്ണീ, ഡോ.ടി.വിജയലക്ഷ്മി, വി.എസ്.അശ്വതി, മായ കെ.നായർ എന്നിവർ സംസാരിച്ചു.