ബാകു : ഇംഗ്ളീഷ് ക്ളബുകളുടെ കലാശക്കളിയിൽ ആഴ്സനലിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് കീഴടക്കി ചെൽസി യൂറോപ്പിലെ രണ്ടാം ഡിവിഷൻ ഫുട്ബാൾ ലീഗായ യൂറോപ്പാ ലീഗ് ജേതാക്കളായി.
അസർ ബൈജാനിലെ ബാകുവിൽ നടന്ന ഫൈനലിന്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 23 മിനിട്ടിന്റെ ഇടവേളയിൽ പിറന്നത് അഞ്ച് ഗോളുകൾ. ഇതിൽ നാലും ആഴ്സനലിന്റെ വലയിൽ. ചെൽസി വിട്ടുപോകുന്ന ബെൽജിയൻ താരം ഏദൻ ഹസാഡ് ഇരട്ട ഗോളുകളുമായി യാത്ര പറച്ചിൽ ഉൗഷ്‌മളമാക്കിയപ്പോൾ ഇൗ സീസണിലെ യൂറോപ്യൻ ഗോൾ വേട്ടയിൽ മുന്നിൽ നിന്ന ഫ്രഞ്ചുകാരൻ ഒലിവർ ജിറൂദ്, പെഡ്രോ എന്നിവർ ഒാരോ ഗോൾ നേടി. അലക്സ് ഇവോബിയാണ് ആഴ്സനലിന്റെ ആശ്വാസഗോൾ നേടിയത്.
49-ാം മിനിട്ടിൽ ജിറൂദിലൂടെയാണ് ചെൽസി സ്കോറിംഗ് തുടങ്ങിയത്. 60-ാം മിനിട്ടിൽ പെഡ്രോ രണ്ടാം ഗോൾ നേടി. 65-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഹസാഡ് വല കുലുക്കി. 69-ാാം മിനിട്ടിൽ ഇവോബി ചെൽസി വല ചലിപ്പിച്ച് തിരിച്ചുവരവിന്റെ ലക്ഷണം പ്രകടിപ്പിച്ചെങ്കിലും 72-ാം മിനിട്ടിലെ ഹസാഡിന്റെ രണ്ടാം ഗോൾ കിരീടാവകാശികളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കി. ചെൽസിയുടെ മുൻ ഗോൾ കീപ്പർ പീറ്റർ ചെക്കാണ് ആഴ്സനലിന് വേണ്ടി വലകാത്തത്. 2013 ൽ ചെൽസി യൂറോപ്പ ലീഗ് നേടുമ്പോൾ ചെക്കായിരുന്നു ഗോൾ കീപ്പർ.
ചെൽസി പരിശീലകനെന്ന നിലയിൽ മൗറീസ്യോ സറിയുടെ ആദ്യ കിരീടമാണിത്.
ഹസാഡ് ഇനി റയലിൽ
യൂറോപ്പ ലീഗ് കിരീട വിജയത്തിന് ശേഷം താൻ ക്ളബ് വിടുകയാണെന്ന വാർത്തകൾ ഏദൻ ഹസാഡ് ഉറപ്പിച്ചു. സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിലേക്കാണ് ഇൗ ബെൽജിയൻ സ്ട്രൈക്കർ ഇനി ചേക്കേറുക. ഏറെനാളായി ഹസാഡിന്റെ കൂറുമാറ്റ വാർത്തകൾ അണിയറയിലുണ്ടായിരുന്നു. റയൽ കോച്ചായി സിദാൻ തിരിച്ചെത്തിയതോടെ ഇൗ നീക്കത്തിന് ചൂടേറുകയും ചെയ്തു. എന്നാൽ ഇൗ സീസൺ കഴിഞ്ഞുമതി മാറ്റമെന്ന് പിന്നീട് താരം തീരുമാനിക്കുകയായിരുന്നു.
28 കാരനായ ഹസാഡ് കഴിഞ്ഞ ഏഴ് വർഷമായി ചെൽസിക്ക് വേണ്ടിയാണ് കളിക്കുന്നത്. 150 ദശലക്ഷം യൂറോ നൽകി ഹസാഡിനെ സ്വന്തമാക്കാനാണ് റയൽ ഒരുങ്ങുന്നതെന്ന് വാർത്തകളുണ്ട്. ഇത് നടക്കുകയാണെങ്കിൽ ഒരു താരത്തിന് വേണ്ടി റയൽ മുടക്കുന്ന ഏറ്റവും ഉയർന്ന തുകയാകും.
1991 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി മാർക്ക് ന്യൂസ് ബാഴ്സലോണയ്ക്കെതിരെ വിന്നേഴ്സ് കപ്പ് ഫൈനലിൽ ഇരട്ട ഗോൾ നേടിയശേഷം ഹസാഡാണ് ഒരു ഇംഗ്ളീഷ് ക്ളബിന് വേണ്ടി യൂറോപ്യൻ ലീഗിന്റെ ഫൈനലിൽ ഇരട്ട ഗോളടിക്കുന്നത്.
2004-05 സീസണിൽ അലൻ ഷിയറർക്ക് ശേഷം യൂറോപ്യൻ മത്സരങ്ങളിൽ ഒരു ഇംഗ്ളീഷ് ക്ളബിന് വേണ്ടി ഗോളുകൾ നേടുന്ന ആദ്യതാരമാണ് ഒളിവർ ജിറൂദ്.
25
വർഷത്തിനു ശേഷം ഒരു യൂറോപ്യൻ കിരീടം നേടാമെന്ന ആഴ്സനലിന്റെ സ്വപ്നമാണ് ചെൽസി തകർത്തുകളഞ്ഞത്.
ചാമ്പ്യൻസ് ലീഗ് ഫൈനൽ
ശനിയാഴ്ച രാത്രി
യൂറോപ്പിലെ ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗായ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ ശനിയാഴ്ച രാത്രി 12.30ന് നടക്കും. ഇംഗ്ളീഷ് ക്ളബുകളായ ടോട്ടൻ ഹാമും ലിവർ പൂളുമാണ് മാഡ്രിഡിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുന്നത്.