french-open-tennis

പാരീസ് മുൻ നിര താരങ്ങളായ നൊവാക്ക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക്ക തുടങ്ങിയവർ ഫ്രഞ്ച് ഒാപ്പൺ ടെന്നിസിന്റെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു

വനിതാ സിംഗിൾസിൽ ഒന്നാം റാങ്കുകാരായ ജാപ്പനീസ് താരം നവോമി ഒസാക്ക ഇന്നലെ രണ്ടാം റൗണ്ടിൽ കീഴടക്കിയത് 43-ാം റാങ്കുകാരിയായ വിക്ടോറിയ അസരങ്കയെയാണ്. രണ്ട് മണിക്കൂർ 50 മിനിട്ട് നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിൽ ആദ്യസെറ്റ് നഷ്ടമായ ശേഷമാണ് ഒസാക്ക വിജയിച്ചത്. സ്കോർ 4-6, 7-5, 6-3.

മുൻ ലോക ഒന്നാം നമ്പർ താരമായ സെറീന വില്യംസ് ജാപ്പനീസ് താരം കുറുമി നാരായെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. 6-3, 6-2 എന്ന സ്കോറിനായിരുന്നു 37 കാരിയായ സെറീനയുടെ വിജയം. മൂന്നാം റൗണ്ടിൽ അമേരിക്കൻ താരം സോഫിയ കെനിനാണ് സെറീനയുടെ എതിരാളി. രണ്ടാം റൗണ്ടിൽ ബിയാങ്ക ആൻഡ്രി സ്ക്യൂ പിൻമാറിയതോടെയാണ് സോഫിയ വാക്കോവറിലൂടെ മൂന്നാം റൗണ്ടിലേക്ക് എത്തിയത്.

പുരുഷ സിംഗിൾസിൽ ആധികാരിക വിജയത്തോടെ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് മൂന്നാം റൗണ്ടിലേക്ക് കടന്നു രണ്ടാം റൗണ്ടിൽ സ്വിസ് ക്വാളിഫയർ ഹെൻറി ലാക്ക് സോണനെ 6-1, 6-4, 6-3 നാണ് നൊവാക്ക് കീഴടക്കിയത് തുടർച്ചയായ നാലാം ഗ്രാൻസ്ളാം ലക്ഷ്യമിട്ടിറങ്ങുന്ന നൊവാക്കിന് മൂന്നാംറൗണ്ടിൽ ഇറ്റാലിയൻ താരം സാൽവത്തോറോ കരൂസോയാണ് എതിരാളി.

പുരുഷ സിംഗിൾസിൽ നാലാംസീഡ് ഡൊമിനിക്ക് തീം, അഞ്ചാം സീഡ് അലക്സിസ് സ്വെരേവ്, ക്യൂവാസ്, ലിയനാഡോ മേയർ തുടങ്ങിയവരും രണ്ടാം റൗണ്ടിൽ വിജയം നേടി. അർജന്റീനക്കാരനായ ലിയനാഡോ മേയർ 4-6, 6-3, 6-4, 7-5 ന് സ്വന്തം നാട്ടുകാരനായ ഷ്വാർട്സ് മാനെയാണ് കീഴടക്കിയത്. ക്യൂവസ് 7-6, 6-3, 2-1ന് മുന്നിട്ടുനിൽക്കേ എതിരാളിയായ കെയ്‌‌ൽ എഡ്മണ്ട് പിൻമാറുകയായിരുന്നു. സ്വീഡന്റെ മിഖായേൽ വൈമറെ 6-1, 6-3, 7-6 ന് തോൽപ്പിച്ചാണ് അലക്സാണ്ടർ സ്വെരേവ് മൂന്നാം റൗണ്ടിലേക്ക് കടന്നത്. ഡൊമിനിക് തീം നാല് സെറ്റ് നീണ്ട മത്സരത്തിൽ ബുബ്‌ളിക്കിനെ 6-3, 6-7, 6-3, 7-5ന് കീഴടക്കി

വനിതാ സിംഗിൾസിൽ ബെൻസിച്ച്, അലക്സാൻഡ്രോവ, അനിസിമോവ, ആഷ്‌ലി ബാർട്ടി തുടങ്ങിയവർ മൂന്നാം റൗണ്ടിലെത്തി.