world-cup-england-vs-sou

ഒാവൽ : 12-ാം ലോകകപ്പിലെ ആദ്യമത്സരത്തിൽ ആതിഥേയരായ ഇംഗ്ളണ്ടിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 104 റൺസിന്റെ തകർപ്പൻ വിജയം. ഇന്നലെ ഒാവലിൽ 312 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 39.5 ഒാവറിൽ 207 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. ഏഴോവറിൽ ഒരു മെയ്ഡനടക്കം 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കിയ പേസർ ജോഫ്രെ ആർച്ചറാണ് ദക്ഷിണാഫ്രിക്കൻ ചേസിംഗിനെ തകർത്തു കളഞ്ഞത്. പ്ളങ്കറ്റും സ്റ്റോക്സും രണ്ട് വിക്കറ്റ് വീതവും മൊയീൻ അലിയും ആദിൽ റഷീദും ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 311 റൺസെടുത്തത്. ആദ്യ ഒാവറിൽ ആദ്യവിക്കറ്റ് നഷ്ടമായ ഇംഗ്ളണ്ടിനെ ജാസൺ റോയ് (54), ജോറൂട്ട് (51), ഇയോൻ മോർഗൻ (57), ബെൻ സ്റ്റോക്സ് (89) എന്നിവരുടെ മികച്ച ബാറ്റിംഗാണ് 300ന് മുകളിലുള്ള സ്കോർ നൽകിയത്.

ലോകകപ്പിൽ സ്പിന്നറെക്കൊണ്ട് ബൗളിംഗ് ഒാപ്പൺ ചെയ്യിച്ച ദക്ഷിണാഫ്രിക്ക രണ്ടാംപന്തിൽ ഇൻ ഫോം ഒാപ്പണർ ജോണി ബെയർ സ്റ്റോയെയാണ് (1) കൂടാരം കയറ്റിയത്. എന്നാൽ റോയ്-റൂട്ട് സഖ്യം സെഞ്ച്വറികൂട്ടുകെട്ടുമായി ടീമിനെ 107/1 ലെത്തിച്ചശേഷം പിരിഞ്ഞു. ടീം സ്കോർ 107 ൽവച്ച് റോയ്‌‌യും 111ൽ റൂട്ടും മടങ്ങിയെങ്കിലും നാലാം വിക്കറ്റിലെ മോർഗൻ സ്റ്റോക്സ് കൂട്ടുകെട്ട് ഇംഗ്ളണ്ടിന് വഴിത്തിരിവായി. 37 ഒാവറിൽ 217/4 ൽ വച്ചാണ് മോർഗൻ മടങ്ങുന്നത്. 60 പന്തുകൾ നേരിട്ട ഇംഗ്ളീഷ് ക്യാപ്ടൻ നാലുഫോറും മൂന്ന് സിക്സും പറത്തിയിരുന്നു. തുടർന്ന് സ്റ്റോക്സ് ഉത്തരവാദിത്വം ഏറ്റെടുത്തു. എന്നാൽ ഇന്നിംഗ്സ് അവസാനിക്കുന്നതിനുമുമ്പ് ബട്ട്‌ലർ (18), മൊയീൻ അലി (3), ക്രിസ്‌വോക്സ് (13) എന്നിവർക്ക് കൂടാരം കയറേണ്ടിവന്നു.

79 പന്തുകളിൽ ഒൻപത് ബൗണ്ടറിയടിച്ച സ്റ്റോക്സ് 49-ാം ഒാവറിലാണ് മടങ്ങിയത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗി എൻഗിഡി മൂന്ന് വിക്കറ്റുകളും ഇമ്രാൻ താഹിർ, റബാദ എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി പെഹ്‌ലുക്ക് വായോയ്‌ക്ക് ഒരു വിക്കറ്റ് ലഭിച്ചു

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവിൽ വിവരം ലഭിക്കുമ്പോൾ 36.2 ഒാവറിൽ 184/7 എന്ന നിലയിലാണ്.

അംല പരിക്കേറ്റ് മടങ്ങിയശേഷം മാർക്രം (11), ഡുപ്ളെസി (5) എന്നിവരെ മടക്കി അയച്ച് ആർച്ചർ തീക്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു. മാർക്രം എട്ടാം ഒാവറിൽ ടീം സ്കോർ 36 ൽ നിൽക്കെ റൂട്ടിന് ക്യാച്ച് നൽകിയപ്പോൾ ഡുപ്ളെസി 10-ാം ഒാവറിൽ ടീം സ്കോർ 44 ൽ വച്ച് മൊയീൻ അലിക്ക് പിടികൊടുത്ത് മടങ്ങി. തുടർന്ന് ഡികോക്കും വാൻഡർ ഡ്യൂസനും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. 21-ാം ഒാവറിൽ ദക്ഷിണാഫ്രിക്ക 100 കടന്നു. എന്നാൽ 23-ാം ഒാവറിൽ പ്ളങ്കറ്റ് ഡികോക്കിനെ പുറത്താക്കിയതോടെ കളിമാറി.തുടർന്ന് വിക്കറ്റുകളോരോന്നായി നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക തോൽവിയിലേക്ക് വഴുതി.ഡുമിനി (8),പ്രിട്ടോറിയസ് (1),എന്നിവർക്ക് പിന്നാലെ വാൻഡർ ഡ്യൂസനും പുറത്തായതോടെ പോരാട്ട വീര്യം നശിച്ചു.

സ്കോർ ബോർഡ്

ഇംഗ്ളണ്ട് ബാറ്റിംഗ് : ജാസൺ റോയ് സി ഡുപ്ളെസി ബി പെഹ്‌ലുക്കവായോ 54, ബെയർസ്റ്റോ സി ഡികോക് ബി താഹിർ 0, ജോ റൂട്ട് സി ഡുമിനി ബി റബാദ 51, ഇയോൻ മോർഗൻ സി മാർക്രു ബി ഇമ്രാൻ താഹിർ 57, ബെൻസ്റ്റോക്സ് സി അംല ബി എൻഗിഡി 89, ബട്ട്‌ലർ ബി എൻഗിഡി 18, മൊയീൻ അലി ഡി ഡുപ്ളെസി ബി എൻഗിഡി 3, വോക്സ് സി ഡുപ്ളെസി ബി റബാദ 13, ഫ്ലങ്കറ്റ് നോട്ടൗട്ട് 9, ആർച്ചർ നോട്ടൗട്ട് 7, എക്സ്ട്രസ് 10, ആകെ 50 ഒാവറിൽ 311/8.

വിക്കറ്റ് വീഴ്ച : 1-1 (ബെയർ സ്റ്റോ), 2-107 ('ജാസൺ റോയ്), 3-111 (റൂട്ട്), 4-217 (മോർഗൻ), 5-247 (ബട്ട്‌ലർ), 6-260 (മൊയീൻ അലി) , 7-285 (വോക്സ്), 8-300 (സ്റ്റോക്സ്)

ബൗളിംഗ് : ഇമ്രാൻ താഹിർ 10-0-61-2, എൻഗിഡി 10-0-66-3, റബാദ 10-0-66-2, പ്രിറ്റോറിയസ് 7-0-42-0, പെഹ്‌ലുക്കവിയോ 8-0-44-1, ഡുമിനി 2-0-14-0, മാർക്രം 3-0-16-0.

4 അർദ്ധ സെഞ്ച്വറികൾ

ഒറ്റ റൺസിൽ ആദ്യവിക്കറ്റ് നഷ്ടമായ ഇംഗ്ളണ്ടിനെ ഇന്നലെ മാന്യമായ സ്കോറിലെത്താൻ തുണച്ചത് നാലുപേരുടെ അർദ്ധ സെഞ്ച്വറികളാണ്. ജാസൺ റോയ് (54), ജോറൂട്ട് (51), മോർഗൻ (57), ബെൻ സ്റ്റോക്സ് (89) എന്നിവരാണ് അർദ്ധ സെഞ്ച്വറി നേടിയത്.

2 സെഞ്ച്വറി കൂട്ടുകെട്ടുകൾ

രണ്ടാം വിക്കറ്റിൽ ജാസൺ റോയ്‌യും ജോറൂട്ടും ചേർന്ന് കൂട്ടിച്ചേർത്തത് 106 റൺസാണ്. നാലാം വിക്കറ്റിൽ മോർഗനും സ്റ്റോക്സും കൂട്ടിച്ചേർത്തതും 106 റൺസ്.

ആദ്യ ഡക്ക്

ബെയർ സ്റ്റോ

ഇൗ ലോകകപ്പിൽ പൂജ്യത്തിന് പുറത്തായ ആദ്യ ബാറ്റ്സ്‌മാനാണ് ഇംഗ്ളണ്ടിന്റെ ജോണി ബെയർ സ്റ്റോ.

കളിത്തിരിവുകൾ

. ആദ്യ ഒാവറിൽ ആദ്യവിക്കറ്റ് നഷ്ടമായെങ്കിലും ഇംഗ്ളണ്ടിനെ തുണച്ചത് നാല് മുൻനിര താരങ്ങളുടെ അർദ്ധ സെഞ്ച്വറികളാണ്.

. 18-ാം ഒാവറിൽ 100 കടന്ന ഇംഗ്ളണ്ടിന്റെ വേഗത അല്പമെങ്കിലും കുറച്ചത് ജാസൺ റോയിയും ജോറൂട്ടും മൂന്ന് പന്തുകളുടെ ഇടവേളയിൽ പുറത്തായതാണ്.

. ഒരുപക്ഷേ പതറിപ്പോവുമായിരുന്ന ടീമിനെ ക്യാപ്ടൻ മോർഗനും സ്റ്റോക്സും ചേർന്നാണ് 300 കടത്തുന്നതിന് പ്രാപ്തമാക്കിയത്.

അവസാന ഒാവറുകളിൽ വിക്കറ്റുകളുമായി ലുംഗി എൻഗിഡിയും റബാദയും തിളങ്ങിയത്. 350 കടക്കാൻ ഇംഗ്ളണ്ടിനെ അനുവദിച്ചില്ല.

. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അംലയുടെ പരിക്ക് തിരിച്ചടിയായി.

തുടർന്ന് ജൊഫ്രി ആർച്ചർ മാർക്രമിനെയും (11), ഡുപ്ളെസിയെയും (5) പുറത്താക്കിയത് ഇംഗ്ളണ്ടിന് ആവേശം നൽകി

. ഡികോക്ക് ഒരറ്റത്ത് പിടിച്ചുനിന്നതായിരുന്നു അവരുടെ പ്രതീക്ഷ.

അംല റിട്ടയേഡ് ഹർട്ട്

ലണ്ടൻ : ഇൗ ലോകകപ്പിൽ പരിക്കേറ്റ് ബാറ്റിംഗ് മതിയാക്കുന്ന ആദ്യതാരമായി ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല. ഇന്നലെ ഇംഗ്ളണ്ടിനെതിരായ മത്സരത്തിൽ ജൊഫ്ര, ആർച്ചറുടെ ബൗൺസർ തലയ്ക്കേറ്റാണ് അംലയ്ക്ക് പരിക്ക് പറ്റിയത്. നാലാം ഒാവറിലാണ് അപകടമുണ്ടായത്. മിനിട്ടുകളോളം ഗ്രൗണ്ടിൽ കിടന്ന് പ്രാഥമിക ശുശ്രൂഷ തേടിയ ശേഷമാണ് അംല മടങ്ങിയത്. അഞ്ചുറൺസായിരുന്നു സമ്പാദ്യം