shaji-n-karun

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാനായി ഷാജി എൻ. കരുണിനെ നിയമിച്ചു. ചെയർമാനായിരുന്ന ലെനിൻ രാജേന്ദ്രൻ അന്തരിച്ചതിനെത്തുടർന്ന് വന്ന ഒഴിവിലേക്കാണ് നിയമനം. ഇപ്പോൾ ഓസ്‌ട്രേലിയയിലുള്ള ഷാജി എൻ.കരുൺ തിരിച്ചെത്തിയ ശേഷം ചുമതലയേൽക്കും.


പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മെഡലോടുകൂടി ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടിയ ഷാജി ജി.അരവിന്ദനോടൊപ്പം ചേർന്നാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ 'പിറവി'യിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ ഇദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ പ്രഥമ അദ്ധ്യക്ഷനായും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ അദ്ധ്യക്ഷനായും പ്രവർത്തിച്ചുണ്ട്. കലാസാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്ക് ഫ്രഞ്ച് സർക്കാർ നല്കുന്ന 'ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്' പുരസ്‌കാരവും 2011ൽ പത്മശ്രീയും ലഭിച്ചിട്ടുണ്ട്.