cpm

തിരുവനന്തപുരം: ശബരിമലയുടെ പേരിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതും ചിലേടങ്ങളിൽ തിരഞ്ഞെടുപ്പ് വിധിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് സി.പി.എമ്മിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ശബരിമലയുടെ പേരിലുള്ള രാഷ്ട്രീയമുതലെടുപ്പിനെ പ്രതിരോധിക്കാനായി എന്നുതന്നെയാണ് പത്തനംതിട്ടയിലെ വിധിയടക്കം ചൂണ്ടിക്കാട്ടുന്നത് എന്നാണ് ഇന്നലെ നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ഇന്നും നാളെയും ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുപ്പ് ഫലം വിശദമായി ചർച്ചചെയ്യും.

പത്തനംതിട്ടയിൽ ശബരിമല ശക്തമായ ഘടകമാകേണ്ടിയിരുന്ന നിയോജകമണ്ഡലങ്ങളായിരുന്നു പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും. എന്നാൽ ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ പ്രചാരണവേളയിലുണ്ടാക്കിയ ആവേശം വോട്ടിൽ പ്രതിഫലിച്ചില്ലെന്നു മാത്രമല്ല, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ശബരിമലയുടെ പേരിൽ തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയമുതലെടുപ്പിന് നടത്തിയ നീക്കങ്ങളെ പത്തനംതിട്ടയിൽ ഫലപ്രദമായി പ്രതിരോധിക്കാനായി. എന്നാൽ ദേശീയതലത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായെത്തുമെന്ന പ്രചാരണവും മോദിവിരുദ്ധ പ്രചാരണം എല്ലാതലത്തിലും ശക്തമായതും ക്രിസ്ത്യൻ ന്യൂനപക്ഷസ്വാധീന മണ്ഡലമായ പത്തനംതിട്ടയെയും സ്വാധീനിച്ചു. സംസ്ഥാനത്തെല്ലായിടത്തും മുസ്ലിം മതന്യൂനപക്ഷങ്ങളെയും മോദിവിരുദ്ധ വികാരം ശക്തമായി സ്വാധീനിച്ചത് യു.ഡി.എഫിന് അനുകൂലമായി മാറിയെന്നാണ് റിപ്പോർട്ടുകൾ. ശബരിമല ഘടകമാകാതിരുന്ന വടകരയിൽ ന്യൂനപക്ഷ ഏകീകരണമാണ് വലിയ സ്വാധീനഘടകമായത്. കൂത്തുപറമ്പിലുൾപ്പെടെ യു.ഡി.എഫ് ഒന്നാമതെത്തിയത് അതിനാലാണ്.

പാലക്കാട്ട് അട്ടിമറി സംഭവിച്ചത് മണ്ണാർക്കാട് ഏരിയാകമ്മിറ്റിക്ക് കീഴിൽ വരുന്ന മണ്ണാർക്കാട്ടും കോങ്ങാടും സംഭവിച്ച വോട്ട് ചോർച്ച കൊണ്ടാണ്. പാർട്ടിക്കുള്ളിൽ ഇതുസംബന്ധിച്ചുയരുന്ന ആക്ഷേപങ്ങളെക്കുറിച്ച് പാർട്ടിതല പരിശോധനയ്ക്ക് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചേക്കുമെന്ന് സൂചനയുണ്ട്.